ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കില്ല ?; പ്രതിഷേധം ശക്തം

തിങ്കള്‍, 18 ഫെബ്രുവരി 2019 (13:26 IST)
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കായിക മേഖലയിലും പാകിസ്ഥാനെതിരെ രോക്ഷം ശക്തമാകുന്നു. ഈ വര്‍ഷത്തെ ഇംഗ്ലണ്ട് ലോകകപ്പിലെ പാകിസ്ഥാനെതിരായ മത്സരത്തില്‍ നിന്നും ഇന്ത്യ പിന്മാറണമെന്ന ആവശ്യമാണിപ്പോള്‍ ഉയരുന്നത്.

ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യ സെക്രട്ടറി സുരേഷ് ബഫ്‌നയാണ് പാകിസ്ഥാനെതിരായ മത്സരം ഉപേക്ഷിക്കണമെന്ന്
ബിസിസിഐയോട് ആവശ്യപ്പെട്ടത്. കായിക മേഖലയുമായി ബന്ധപ്പെട്ടാണ് സംഘടനയുടെ പ്രവര്‍ത്തനമെങ്കിലും
രാജ്യത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് സുരേഷ് ബഫ്ന വ്യക്തമാക്കി.

ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യയുടെ നിര്‍ദേശത്തോട് ബിസിസിഐ പ്രതികരിച്ചിട്ടില്ല. ഐസിസിയുടെ കീഴില്‍ നടക്കുന്ന ലോകകപ്പ് മത്സരങ്ങളില്‍ നിന്നും പിന്മാറുന്നതിലുള്ള സാങ്കേതിക പ്രശ്‌നങ്ങളും അങ്ങനെ സംഭവിച്ചാലുണ്ടാകുന്ന നടപടി ക്രമങ്ങളും ശക്തമാണ്. അതിനാല്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ഇന്ത്യക്കാകില്ല.

അതേസമയം, പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയിലെ ഇമ്രാന്‍ ഖാന്റെ ചിത്രം എടുത്തു മാറ്റി. മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പാക് താരങ്ങളുടെ പതിനഞ്ചോളം ചിത്രങ്ങള്‍ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനും നീക്കം ചെയ്തു.

ലോകകപ്പില്‍ പാകിസ്ഥാനെതിരെ കളിക്കരുതെന്ന് ഒരു വിഭാഗം ആരാധകരും ആവശ്യപ്പെടുന്നുണ്ട്. പാക് ടീമിനെ പരാജയപ്പെടുത്തി ക്രിക്കറ്റിലൂടെ ശക്തമായ മറുപടി നല്‍കണമെന്ന് വാദിക്കുന്നവരുമുണ്ട്. പുല്‍വാമ ഭീകരാക്രമണത്തില്‍ വിരാട് കോഹ്‌ലിയടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു.

മെയ് മുപ്പതിനാണ് ഏകദിന ലോകകപ്പ് ആരംഭിക്കുന്നത്. ജൂണ്‍ 16-നാണ് ഇന്ത്യ-പാകിസ്താന്‍ മത്സരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍