വെടിക്കെട്ട് താരം, പക്ഷേ ലോകകപ്പ് ടീമിലില്ല; പന്തിനെ ഒഴിവാക്കിയത് എന്തിനെന്ന് തുറന്നു പറഞ്ഞ് കോഹ്‌ലി
ബുധന്‍, 15 മെയ് 2019 (17:34 IST)
ഇന്ത്യയുടെ ലോകകപ്പ് ടീം ഋഷഭ് പന്ത് എന്ന താരത്തെ മിസ് ചെയ്യുമെന്ന മുന്‍ ഇന്ത്യന്‍ നായകന്‍ സൌരവ് ഗാംഗുലിയുടെ വാക്കുകള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായതിന് പിന്നാലെ പന്തിന് പകരം മുതിര്‍ന്ന താരം ദിനേഷ് കാര്‍ത്തിക്കിനെ എന്തുകൊണ്ട് 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തി എന്ന് വ്യക്തമാക്കി ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി രംഗത്ത്.
സമ്മര്‍ദ്ദഘട്ടങ്ങളിളെ അതിജീവിക്കാനുള്ള കാര്‍ത്തിക്കിന് കഴിയും. പരിചയസമ്പത്തിനൊപ്പം കാര്യങ്ങള്‍ സമചിത്തതയോടെ കൈകാര്യം ചെയ്യുന്ന താരം കൂടിയാണ് അദ്ദേഹം. ലോകകപ്പ് പോലെ വലിയൊരു ടൂര്‍ണമെന്റിന് പോകുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായ മഹേന്ദ്ര സിംഗ് ധോണിക്ക് പരുക്ക് പറ്റിയാല്‍ വിക്കറ്റിന് പിന്നിലും കാര്‍ത്തിക്കിന്റെ അനുഭവസമ്പത്ത് മുതല്‍ക്കൂട്ടാകും. ഫിനിഷര്‍ എന്ന നിലയിലും കഴിവുതെളിയിച്ച കളിക്കാരനാണ് അദ്ദേഹമെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് അനുവദിച്ച അഭിമുഖത്തില്‍ കോഹ്‌ലി പറഞ്ഞു.
ലോകകപ്പ് ടീമില്‍ നിന്നും പന്തിനെ ഒഴിവാക്കാന്‍ വാശിപിടിക്കുകയും ഒരു സെലക്‍ടറെ ഉപയോഗിച്ച് നീക്കം നടത്തുകയും ചെയ്‌തത് കോഹ്‌ലിയാണെന്ന് ദേശീയ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഋഷഭിനെ ഒഴിവാക്കാന്‍ നിരവധി കാരണങ്ങളാണ് ഇവര്‍ ഉന്നയിച്ചത്. ഒടുവില്‍, ചര്‍ച്ച തര്‍ക്കത്തിലേക്ക് നീങ്ങുമെന്ന് വ്യക്തമായതോടെ പന്തിനെ പുറത്തിരുത്തുക എന്ന തീരുമാനത്തിലേക്ക് സെലക്‍ടര്‍മാര്‍ എത്തുകയായിരുന്നു.
ലോകകപ്പില്‍ യുവതാരം ഋഷഭ് പന്തിന്റെ സേവനം ഇന്ത്യന്‍ ടീമിനെ ബാധിക്കുമെന്ന് ഗാംഗുലി കഴിഞ്ഞ ദിവസമാണ് പറഞ്ഞത്. ആരുടെ സ്ഥാനത്താണ് പന്തിനെ മിസ് ചെയ്യുക എന്ന് പറയുന്നില്ല, പക്ഷെ ലോകകപ്പില്‍ അയാളുടെ സേവനം ഇന്ത്യ ഭയങ്കരമായി മിസ് ചെയ്യും.
ഈ ലോകകപ്പ് കളിക്കാനുള്ള അവസരം നഷ്ടമായാലും മുന്നിലുള്ള ലോകകപ്പുകളില്‍ പന്ത് കളിക്കും. ഇതുകൊണ്ടൊന്നും യുവതാരത്തിന്റെ വഴിയടയാന്‍ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.