ലോകകപ്പില്‍ ഉടനീളം മികച്ച പ്രകടനമാണ് ഉദയ് നടത്തിയത്. ബംഗ്ലാദേശിനെതിരെ 94 പന്തില്‍ 64, അയര്‍ലന്‍ണ്ടിനെതിരെ 84 പന്തില്‍ 75, യുഎസ്എയ്‌ക്കെതിരെ 27 പന്തില്‍ 35, നേപ്പാളിനെതിരെ 107 പന്തില്‍ 100, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 124 പന്തില്‍ 81 എന്നിങ്ങനെയാണ് സഹരണ്‍ ലോകകപ്പില്‍ നേടിയിരിക്കുന്ന റണ്‍സ്. ഒരു കളിയില്‍ പോലും 30 ല്‍ കുറവ് സ്‌കോര്‍ ചെയ്തിട്ടില്ല. ടീം തകര്‍ച്ചയിലേക്ക് പോകുമ്പോള്‍ വിരാട് കോലിയെ പോലെ ഒരു ഭാഗത്ത് നങ്കൂരമിട്ട് കളിക്കുന്ന ശൈലിയാണ് സഹരണിന്റേത്. ചേസിങ്ങിനു ഇറങ്ങുമ്പോള്‍ യാതൊരു സമ്മര്‍ദ്ദവുമില്ലാതെ കൂളായി ബാറ്റ് ചെയ്യാനുള്ള കഴിവും താരത്തിനുണ്ട്.
രാജസ്ഥാനിലെ ഗംഗാനഗര്‍ സ്വദേശിയാണ് ഉദയ് സഹരണ്‍. 14-ാം വയസ്സിലാണ് താരം ക്രിക്കറ്റ് ലോകത്തേക്ക് എത്തുന്നത്. പഞ്ചാബ് അണ്ടര്‍ 14, അണ്ടര്‍ 16, അണ്ടര്‍ 19 ടീമുകളെ പ്രതിനിധീകരിച്ചു. ചലഞ്ചേഴ്‌സ് ട്രോഫിയില്‍ ഇന്ത്യന്‍ ബി ടീമിനെ നയിച്ച സഹരണ്‍ ടൂര്‍ണമെന്റില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് നേടിയത് 297 റണ്‍സാണ്. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനാണ് സഹരണിന്റെ കരിയറില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയത്. ആയുര്‍വേദ ഡോക്ടറായ സഹരണിന്റെ അച്ഛന്‍ മുന്‍ ക്രിക്കറ്റര്‍ കൂടിയാണ്. അച്ഛന്റെ പ്രോത്സാഹനവും പിന്തുണയുമാണ് സഹരണ്‍ ക്രിക്കറ്റിലേക്ക് എത്താന്‍ പ്രചോദനമായത്.
അച്ഛനില്‍ നിന്നാണ് ഒരു കളിയില്‍ എത്രത്തോളം ആഴത്തില്‍ കളിക്കണമെന്ന് താന്‍ പഠിച്ചതെന്ന് സഹരണ്‍ പറഞ്ഞു. 'വലിയ ഷോട്ടുകള്‍ കളിക്കുമ്പോള്‍ തന്നെ മത്സരത്തില്‍ ആഴത്തില്‍ ബാറ്റ് ചെയ്യാന്‍ പഠിച്ചത് അച്ഛനില്‍ നിന്നാണ്. കൂടുതല്‍ സമയം ക്രീസില്‍ നില്‍ക്കും തോറും മത്സരം നമ്മുടേതായി മാറും. ആവശ്യമെങ്കില്‍ കളിയുടെ അവസാനത്തില്‍ മാത്രമേ ഞാന്‍ വലിയ ഷോട്ടുകള്‍ക്ക് ശ്രമിക്കൂ' - സെമി ഫൈനല്‍ മത്സരത്തിനു ശേഷം സഹരണ്‍ പറഞ്ഞു.