മുംബൈ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ പത്ത് വിക്കറ്റുകളും വീഴ്ത്തി കയ്യടി നേടിയിരിക്കുകയാണ് ന്യൂസിലന്‍ഡ് സ്പിന്നര്‍ അജാസ് പട്ടേല്‍. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇന്ത്യയെ കറക്കിവീഴ്ത്തിയ അജാസ് ഒരു ഇന്ത്യന്‍ വംശജനാണ്. മുംബൈയില്‍ ജനിച്ച് വളര്‍ന്ന അജാസ് പട്ടേല്‍ തന്റെ എട്ടാം വയസ്സിലാണ് ന്യൂസിലന്‍ഡിലേക്ക് ചേക്കേറിയത്.
1996 ലാണ് അജാസ് പട്ടേലിന്റെ കുടുംബം മുംബൈ വിട്ട് ന്യൂസിലന്‍ഡിലേക്ക് എത്തുന്നത്. മുംബൈയിലെ ജോഗേശ്വരി ഗ്രാമത്തിലാണ് അജാസിന്റെ ജനനം. അജാസിന്റെ പിതാവ് ഒരു റഫ്രിജെറേഷന്‍ കമ്പനിയിലും മാതാവ് സ്‌കൂള്‍ ടീച്ചറായും ആണ് ജോലി ചെയ്തിരുന്നത്. ന്യൂസിലന്‍ഡിലേക്ക് എത്തിയ ശേഷമാണ് അജാസ് ക്രിക്കറ്റിനോട് ആകൃഷ്ടനാകുന്നത്. അമ്മാവന്‍ സയീദ് പട്ടേലാണ് അജാസിനെ ക്രിക്കറ്റ് പരിശീലനത്തിനു ആദ്യമായി കൊണ്ടുപോയത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറേയും ഷെയ്ന്‍ വേണിനേയും അനുകരിക്കാനാണ് ചെറുപ്പം മുതലേ അജാസ് പരിശ്രമിച്ചിരുന്നത്. ഫാസ്റ്റ് ബൗളറായാണ് അജാസ് ക്രിക്കറ്റില്‍ സജീവമായത്. ഇരുപതുകളുടെ മധ്യത്തിലാണ് ഫാസ്റ്റ് ബൗളറില്‍ നിന്ന് ലെഫ്റ്റ് ആം സ്പിന്നറായി അജാസ് മാറിയത്.