Dead-Ball Rule in Cricket: ബംഗ്ലാദേശിനെ തോല്‍പ്പിച്ചത് അംപയര്‍മാരോ? നിയമപ്രകാരം ആ നാല് റണ്‍സ് കൊടുക്കാന്‍ വകുപ്പില്ല; ഡെഡ് ബോള്‍ നിയമം ഇങ്ങനെ

രേണുക വേണു

ചൊവ്വ, 11 ജൂണ്‍ 2024 (08:57 IST)
Dead-ball rule in cricket

Dead-Ball Rule in Cricket: ട്വന്റി 20 ലോകകപ്പിലെ ദക്ഷിണാഫ്രിക്ക-ബംഗ്ലാദേശ് മത്സരത്തിനു പിന്നാലെ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരിക്കുന്നത് ഡെഡ് ബോള്‍ നിയമം ആണ്. തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട നാല് റണ്‍സ് അംപയര്‍മാര്‍ അനുവദിച്ചില്ലെന്നും അതിനാലാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തോറ്റതെന്നും ബംഗ്ലാദേശ് താരങ്ങളും ആരാധകരും ആരോപിക്കുന്നു. വാശിയേറിയ മത്സരത്തില്‍ വെറും നാല് റണ്‍സിനാണ് ബംഗ്ലാദേശിന്റെ തോല്‍വി ! ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശിന് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നേടാന്‍ സാധിച്ചത് 109 റണ്‍സ് മാത്രം. 
 
ലെഗ് ബൈ ആയി ലഭിക്കേണ്ട നാല് റണ്‍സ് അംപയര്‍മാര്‍ തങ്ങള്‍ക്ക് അനുവദിക്കാതിരുന്നത് മനപ്പൂര്‍വ്വമാണെന്ന് ബംഗ്ലാദേശ് കുറ്റപ്പെടുത്തുന്നു. ബംഗ്ലാദേശ് ഇന്നിങ്‌സിന്റെ 17-ാം ഓവറിലാണ് വിവാദ സംഭവം. ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ആറ്റ്‌നിയല്‍ ബാര്‍ട്ട്മന്‍ എറിഞ്ഞ 17-ാം ഓവറിലെ രണ്ടാം ബോള്‍ ബംഗ്ലാദേശ് താരം മഹ്‌മുദുള്ളയുടെ പാഡില്‍ തട്ടുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ലെഗ് ബിഫോര്‍ വിക്കറ്റിനായി (LBW) അപ്പീല്‍ ചെയ്തു. ഓണ്‍ഫീല്‍ഡ് അംപയര്‍ സാം നൊഗാസ്‌കി ഔട്ട് അനുവദിച്ചു. ഇവിടെ നിന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. 
 
അംപയര്‍ ഔട്ട് അനുവദിച്ചെങ്കിലും മഹ്‌മുദുള്ളയുടെ പാഡില്‍ തട്ടിയ പന്ത് അപ്പോഴേക്കും ബൗണ്ടറി കടന്നിരുന്നു. അംപയറുടെ തീരുമാനം റിവ്യു ചെയ്യാന്‍ മഹ്‌മുദുള്ള തീരുമാനിച്ചു. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം തേര്‍ഡ് അംപയര്‍ അത് നോട്ട് ഔട്ട് ആണെന്ന് വിധിച്ചു. ബോള്‍ ലെഗ് സ്റ്റംപിനു പുറത്തേക്കാണ് പോകുന്നതെന്നും ഔട്ടല്ലെന്നും ഡിആര്‍എസില്‍ വ്യക്തമായിരുന്നു. ഔട്ട് തീരുമാനം പിന്‍വലിച്ചതിനാല്‍ ഓണ്‍ ഫീല്‍ഡ് അംപയര്‍ ലെഗ് ബൈ ആയി ലഭിച്ച നാല് റണ്‍സ് തങ്ങള്‍ക്ക് അനുവദിക്കുമെന്ന് ബംഗ്ലാദേശ് കരുതി. എന്നാല്‍ ആ റണ്‍സ് അനുവദിക്കാന്‍ പറ്റില്ലെന്ന് അംപയര്‍മാര്‍ നിലപാടെടുത്തു. ഇതാണ് ബംഗ്ലാദേശിനെ പ്രകോപിപ്പിച്ചത്. ഔട്ട് അല്ലാത്തതിനാല്‍ ലെഗ് ബൈ ഫോര്‍ വേണമെന്നായിരുന്നു ബംഗ്ലാദേശിന്റെ ആവശ്യം. എന്നാല്‍ അംപയര്‍ ഔട്ട് വിളിച്ച സമയത്ത് തന്നെ ബോള്‍ ഡെഡ് ആയെന്നും അതിനാല്‍ ലെഗ് ബൈ റണ്‍സ് അനുവദിക്കാന്‍ സാധിക്കില്ലെന്നും അംപയര്‍മാര്‍ ഉറപ്പിച്ചു പറഞ്ഞു.
 
What is Dead-ball rule in Cricket? നിയമപ്രകാരം അംപയര്‍മാര്‍ എടുത്ത തീരുമാനം ശരിയാണ്. ഓണ്‍ ഫീല്‍ഡ് അംപയര്‍ ഔട്ട് അനുവദിച്ചതിനാല്‍ ലെഗ് ബൈ ഫോര്‍ നല്‍കാന്‍ നിയമം അനുശാസിക്കുന്നില്ല. ഓണ്‍ ഫീല്‍ഡ് അംപയര്‍ ഔട്ട് വിളിച്ചു കഴിഞ്ഞാല്‍ എക്‌സ്ട്രാ റണ്‍സ് അനുവദിക്കാന്‍ വകുപ്പില്ല. ഓണ്‍ ഫീല്‍ഡ് അംപയര്‍ ഔട്ട് വിളിക്കുന്നതോടെ ബോള്‍ ഡെഡ് ആയി കഴിഞ്ഞു. പിന്നീട് ലെഗ് ബൈ ആയോ ബൈ ആയോ ഒരു റണ്‍സ് പോലും അനുവദിക്കാന്‍ സാധിക്കില്ല. അതേസമയം അംപയര്‍ നോട്ട് ഔട്ട് വിളിക്കുകയും ബൗളിങ് ടീം ഡിആര്‍എസ് എടുത്ത് തേര്‍ഡ് അംപയറും നോട്ട് ഔട്ട് തീരുമാനത്തില്‍ തുടരുകയാണെങ്കില്‍ ബാറ്റിങ് ടീമിന് ലെഗ് ബൈ റണ്‍സ് അനുവദിക്കാവുന്നതാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍