മൂന്നാം ടെസ്റ്റിൽ പ്രതിരോധം കൊണ്ട് മതിൽകെട്ടി സമനില കണ്ടെത്തിയ ഇന്ത്യയ്ക്ക് നാലാം ടെസ്റ്റിൽ നേരിടേണ്ടിവരിക വലിയ വെല്ലൂവിളിയാണ്. ബുമ്രയും ജഡേജയും വിഹാരിയും നാലാം ടെസ്റ്റിൽ ടീമിൽ ഉണ്ടാകില്ല എന്നതാണ് അതിന് കാരണം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും ഒരുപോലെ മികച്ചുനിൽക്കുന്ന ജഡേജയുടെ അഭാവം ഇന്ത്യൻ നിരവിൽ വലിയ രീതിയിൽ തന്നെ പ്രതിഫലിയ്ക്കും എന്ന് ഉറപ്പാണ്. ജഡേജയുടെ അഭാവത്തിന് ഒരു പരിധിവരെയെങ്കിലും പരിഹാരം കാണാൻ യുവതാരം വാഷിങ്ടൺ സുന്ദർ നാലാം ടെസ്റ്റിൽ ടീമിൽ ഇടം നേടിയ്ക്കും എന്നാണ് റിപ്പോർട്ടുകൾ.
ഓസ്ട്രേലിയൻ പര്യടനത്തിലെ ടി20 മത്സരങ്ങൾക്ക് ശേഷം നെറ്റ്സ് ബൗളറായി വാഷിങ്ടൺ സുന്ദർ ഇന്ത്യൻ ടീമിനൊപ്പം തുടരുന്നുണ്ട്. ഇന്ത്യയുടെ സുപ്രധാന താരങ്ങൾ പരിക്കിന്റെ പിടിയിലായതോടെ വാഷിങ്ടൺ സുന്ദർ ടീമിലെത്തിയേക്കും എന്ന് ടൈംസ് ഓസ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. തമിഴ്നാട്ടിൽനിന്നുമുള്ള വലംകൈയ്യൻ സ്പിന്നറായ വാഷിങ്ടൺ മികച്ച രീതിയിൽ ബാറ്റുചെയ്യാൻകുടി കഴിവുള്ള താരമാണ്. ഇക്കാരണത്താലാണ് ജഡേജയ്ക്ക് പകരക്കാരനായി വാഷിങ്ടൺ സുന്ദറിനെ പരിഗണിയ്ക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. അന്താരാഷ്ട്ര തലത്തില്‍ ഒരു ഏകദിനവും, 26 ടി20 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്.