ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ താരം വിരാട് കോലി പുറത്തായ രീതിയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. നിര്‍ണായക സമയത്ത് മോശം ഷോട്ട് സെലക്ഷനിലൂടെയാണ് കോലി പുറത്തായതെന്ന് ഗവാസ്‌കര്‍ പറഞ്ഞു. സ്‌കോട്ട് ബോളണ്ടിന്റ പന്തില്‍ സ്റ്റീവ് സ്മിത്തിന് ക്യാച്ച് നല്‍കിയാണ് കോലി പുറത്തായത്. 49 റണ്‍സാണ് താരം നേടിയത്.
' അതൊരു മോശം ഷോട്ടായിരുന്നു. വളരെ സാധാരണയായ ഷോട്ട്. അവന്‍ എങ്ങനെയാണ് ആ ഷോട്ട് കളിച്ചതെന്ന് എന്നോട് ചോദിച്ചിട്ട് കാര്യമില്ല. അക്കാര്യം കോലിയോട് തന്നെ ചോദിക്കണം. എന്ത് ഷോട്ടാണ് അവന്‍ കളിച്ചതെന്ന്. ഇത്തരം ഷോട്ടുകള്‍ കളിച്ചാല്‍ പിന്നെ എങ്ങനെയാണ് സെഞ്ചുറി നേടുക. ഇന്ത്യയുടെ ബാറ്റിങ് വളരെ മോശമായിരുന്നു. ഈ ബാറ്റിങ് ലൈനപ്പ് വെച്ച് ഒരു സെഷന്‍ പോലും ഇന്ത്യക്ക് പിടിച്ചുനില്‍ക്കാനായില്ല. പലരും കളിച്ചത് ഉത്തരവാദിത്തമില്ലാത്ത ഷോട്ടുകളായിരുന്നു,' ഗവാസ്‌കര്‍ പറഞ്ഞു.
ബോളണ്ടിന്റെ ഓഫ് സ്റ്റംപിന് പുറത്ത് പോയ പന്ത് കളിക്കാന്‍ നോക്കിയാണ് കോലി പുറത്തായത്. ആ പന്ത് ലീവ് ചെയ്തിരുന്നെങ്കില്‍ കോലി പുറത്താകില്ലായിരുന്നു. കോലിയുടെ മോശം ഷോട്ട് സെലക്ഷനെതിരെ മത്സരശേഷം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.