90കളില്‍ ജനിച്ചുവളര്‍ന്നവര്‍ക്ക് ആവേശകരമായ പേരുകളാണ് സച്ചിന്‍, ദ്രാവിഡ്,ഗാംഗുലി തുടങ്ങിയവരുടെ പേരുകള്‍. ഇന്ത്യന്‍ ടീമെന്നാല്‍ ഏതാനും പേരുകളിലേക്ക് ചുരുങ്ങിയിരുന്ന ഈ കാലഘട്ടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് കാര്യമായ കിരീടനേട്ടങ്ങള്‍ സമ്മാനിക്കാന്‍ ഈ താരങ്ങള്‍ക്ക് സാധിച്ചില്ലെങ്കിലും ക്രിക്കറ്റ് പ്രേമികള്‍ക്ക് എന്നെന്നും ഓര്‍ക്കാന്‍ ഒട്ടേറെ നിമിഷങ്ങള്‍ സമ്മാനിക്കാന്‍ ഇവര്‍ക്കായിരുന്നു. ഇവരില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് തന്റെ കരിയറില്‍ ഒരു ലോകകപ്പ് വിജയം നേടാനായപ്പോള്‍ മറ്റ് 2 പേര്‍ക്കും അതിന് സാധിക്കാതെ വന്നു. അതിനാല്‍ രാഹുല്‍ ദ്രാവിഡ് പരിശീലകനായി ഒരു ലോകകിരീടം നേടണമെന്ന് ആഗ്രഹിച്ചിരുന്നവര്‍ ഒട്ടേറെയായിരുന്നു.
ടീം പരിശീലകസ്ഥാനം ഏറ്റെടുത്ത ദ്രാവിഡ് ഒടുവില്‍ ആ സ്വപ്നം സാക്ഷാത്കരിച്ചെങ്കിലും അതിന് നമ്മള്‍ നന്ദി പറയേണ്ടത് ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മയോടാണ്. 2023ലെ ഏകദിന ലോകകപ്പ് ഫൈനല്‍ തോല്‍വിയില്‍ മനസ്സ് മടുത്ത് പരിശീലകസ്ഥാനം ഒഴിയാന്‍ തീരുമാനിച്ച ദ്രാവിഡിനെ തിരിച്ചുകൊണ്ടുവന്നത് നവംബര്‍ മാസത്തില്‍ രോഹിത് ശര്‍മ നടത്തിയ ഒരു ഫോണ്‍ കോളായിരുന്നു. ഐസിസി ലോകകിരീടം നേടിയതിന് ശേഷം ബിസിസിഐ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ദ്രാവിഡ് ആ സംഭവത്തെ പറ്റി മനസ്സ് തുറന്നത്.
ഈ ടീമിനൊപ്പം ജോലി ചെയ്യാന്‍ സാധിച്ചത് ഒരു ഭാഗ്യമായാണ് ഞാന്‍ കരുതുന്നത്. ഓരോ താരങ്ങള്‍ക്കും ഒപ്പമുള്ള നിമിഷങ്ങള്‍ ഞാന്‍ ആസ്വദിച്ചു. പ്രത്യേകിച്ചും രോഹിത് നമ്മള്‍ ഒരുപാട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. പലതിലും യോജിപ്പുകളും വിയോജിപ്പുകളും ഉണ്ടയിട്ടുണ്ട്. പക്ഷേ എല്ലാത്തിനും നന്ദിയുണ്ട്. ഏകദിന ലോകകപ്പ് തോല്‍വിയെ തുടര്‍ന്ന് ടീം വിടാന്‍ ഒരുങ്ങിയതാണ്. രോഹിത് അന്ന് ആ കോള്‍ ചെയ്തതിന് നന്ദി. ലോകകപ്പ് വിജയത്തിന് പിന്നാലെ ദ്രാവിഡ് പറഞ്ഞു.