ടെസ്റ്റില്‍ മോശം ഫോമിലുള്ള ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോലിക്കെതിരെ വിമര്‍ശനം ശക്തമാകുന്നു. കോലിയെ ടെസ്റ്റില്‍ നിന്ന് പുറത്താക്കണമെന്ന് വലിയൊരു വിഭാഗം ആവശ്യപ്പെടുന്നു. മികവ് തെളിയിച്ച ഒട്ടേറെ താരങ്ങള്‍ പുറത്ത് അവസരം കാത്തുനില്‍ക്കുമ്പോള്‍ കോലിക്ക് വേണ്ടി ഇനിയും സമയം കളയുന്നത് ശരിയല്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം. ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റുകളില്‍ നിന്ന് വെറും 45 റണ്‍സ് മാത്രമാണ് കോലിയുടെ സമ്പാദ്യം.
2019 നവംബര്‍ 22 ന് ബംഗ്ലാദേശിനെതിരെയാണ് കോലിയുടെ അവസാന ടെസ്റ്റ് സെഞ്ചുറി. ടെസ്റ്റില്‍ കോലിക്ക് സെഞ്ചുറിയില്ലാതെ മൂന്ന് വര്‍ഷം പിന്നിട്ടു. കഴിഞ്ഞ മൂന്ന് കലണ്ടര്‍ വര്‍ഷം കോലിയുടെ ടെസ്റ്റിലെ ബാറ്റിങ് ശരാശരി 30 ന് താഴെയാണ്. 2020 19.33 ആയിരുന്നു കോലിയുടെ ടെസ്റ്റിലെ ശരാശരി. 2021 ല്‍ അത് 28.21 ആയി. ഈ വര്‍ഷം കോലിയുടെ ശരാശരി 26.50 ആണ്. ഇത്രയും മോശം പ്രകടനത്തിനിടയിലും കോലിക്ക് തുടര്‍ച്ചയായി ടീമില്‍ അവസരം ലഭിക്കുന്നത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് പലരും വിമര്‍ശിക്കുന്നു.
ടെസ്റ്റില്‍ കോലി കഴിഞ്ഞ പത്ത് ഇന്നിങ്‌സുകളായി ഒരു അര്‍ധ സെഞ്ചുറി പോലും നേടിയിട്ടില്ല. കഴിഞ്ഞ 10 ഇന്നിങ്‌സുകള്‍ എടുത്താല്‍ വെറും 186 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 45 റണ്‍സാണ് ഈ പത്ത് ഇന്നിങ്‌സിനിടയിലെ ടോപ് സ്‌കോര്‍. കണക്കുകളെല്ലാം കോലിക്ക് എതിരാണ്. ഇങ്ങനെ പോയാല്‍ ടെസ്റ്റില്‍ നിന്ന് കോലി ഉടന്‍ വിരമിക്കേണ്ടി വരും.