ട്വന്റി 20 നായകസ്ഥാനം വിരാട് കോലി സ്വയം ഒഴിഞ്ഞതാണെങ്കില്‍ ഏകദിന നായകസ്ഥാനത്തു നിന്ന് കോലിയെ മാറ്റിയതാണ്. ഏകദിന നായകനായി തുടരാന്‍ കോലി അതിയായി ആഗ്രഹിച്ചിരുന്നു. എന്നാല്‍, തന്നെ മാറ്റി രോഹിത് ശര്‍മയെ ഏകദിന നായകനാക്കാനുള്ള തീരുമാനം കോലിയെ ഏറെ നിരാശപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിസിസിഐ കോലിയോട് ആശയവിനിമയം നടത്താതെയാണ് ഈ തീരുമാനമെടുത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്തായാലും ഏകദിന നായകസ്ഥാനത്തു നിന്ന് മാറ്റിയ ശേഷം കോലി ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി കോലി ഇന്ന് വാര്‍ത്താസമ്മേളനം നടത്തുന്നുണ്ട്. ഏകദിന നായകസ്ഥാനത്തു നിന്ന് മാറ്റിയതിനെ കുറിച്ച് കോലി എന്ത് പറയുമെന്നാണ് പാപ്പരാസികള്‍ കാത്തിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒന്നിനാണ് വാര്‍ത്താസമ്മേളനം. ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ഈ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കും.
ഏകദിന നായകസ്ഥാനത്തു നിന്ന് മാറ്റിയതിനു പിന്നാലെ വിരാട് കോലിയുടെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണെന്നാണ് റിപ്പോര്‍ട്ട്. മറ്റാരോടും കോലി സംസാരിക്കുന്നില്ല. എന്താണ് കോലിയുടെ മനസില്‍ ഉള്ളതെന്ന് ഇന്ന് അറിയാം. വിരാട് കോലിയുടെ ബാല്യ പരിശീലകന്‍ രാജ്കുമാര്‍ ശര്‍മ ഏകദിന നായകസ്ഥാനത്തു നിന്ന് താരത്തെ മാറ്റിയ വാര്‍ത്ത അറിഞ്ഞ് പലതവണ കോലിയെ വിളിച്ചു. എന്നാല്‍, ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നെന്നാണ് അദ്ദേഹം പറഞ്ഞത്.