ഇന്ത്യൻ താരങ്ങളുടെ ശരീരഭാഷ തന്നെ മാറി, പിന്നിൽ ഒരൊറ്റ കാരണം മാത്രം, "കിംഗ് കോലി"
ചൊവ്വ, 17 ഓഗസ്റ്റ് 2021 (15:17 IST)
കളിയിൽ വിജയമോ തോൽവിയോ ഉണ്ടായിരിക്കണം. വിരസമായ സമനിലകളെ ഞാൻ ഇഷ്ടപ്പെടുന്നില്ല. ഏതാനും മാസങ്ങൾക്ക് മുൻപ് വിരാട് കോലി എന്ന ഇന്ത്യൻ നായകൻ തന്റെ ടെസ്റ്റ് മത്സരങ്ങളോടുള്ള സമീപനത്തെ പറ്റി പറഞ്ഞത് ഇങ്ങനെയാണ്. കോലിയുടെ ഈ പ്രതികരണം വെറും വാക്കുകൾ മാത്രമല്ല എന്ന് ഉറപ്പിച്ച് പറയുന്നതാണ് ടെസ്റ്റ് ടീം നായകനെന്ന നിലയിൽ ഇന്ത്യൻ ടീം സ്വന്തമാക്കിയുള്ള നേട്ടങ്ങൾ.
ഒരു ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഇന്ത്യയ്ക്ക് നഷ്ടമായെങ്കിൽ കൂടി ഏറെ നാളുകളായി ലോക ഒന്നാം നമ്പർ ടെസ്റ്റ് ടീം എന്നെ നേട്ടത്തിൽ ഇന്ത്യയെ നിലനിർത്തിയത് തോൽക്കാൻ മനസ്സില്ലാത്ത ഈ കോലി ഫാക്‌ടർ ആയിരുന്നു. നാളുകൾക്ക് ശേഷം ഇന്ന് ഇന്ത്യൻ ടീമിലേക്ക് നോക്കുമ്പോൾ തോൽക്കാൻ സമ്മതിക്കാത്ത ഒരു കൂട്ടം പോരാളികളെ നിങ്ങൾക്ക് ആ ടീമിൽ കാണാം. വിരാട് കോലിയെന്ന നായകൻ മാറ്റിയെടുത്ത പോരാളികളുടെ സംഘമാണ് ഇന്നത്തെ ഇന്ത്യൻ നിര.
ഈ വസ്‌തുതകളെ അരക്കിട്ടുറപ്പിക്കുന്നതായിരുന്നു ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരായുള്ള ഇന്ത്യയുടെ ടെസ്റ്റ് വിജയം. 60 ഓവറിൽ 272 എന്ന വിജയലക്ഷ്യം ഇംഗ്ലണ്ടിന് മുന്നിൽ വെയ്‌ക്കുമ്പോൾ പരാജയം, അല്ലെങ്കിൽ സമനില എന്ന ഓപ്ഷനുകൾ മാത്രമെ ഇന്ത്യയ്ക്ക് മുന്നിലുണ്ടായിരുന്നുള്ളു. എങ്കിലും വിജയത്തിന്റെ ഒരു കച്ചിതുരുമ്പ് അവിടെയും കോലി കണ്ടെടുത്തു. സമനിലകളെ വെറുക്കുന്ന നായകൻ മറ്റെന്ത് ചെയ്യാൻ.
മത്സരത്തിൽ ഉടനീളം കോലി ഇന്ത്യൻ ടീമിലേക്ക് പകർന്ന് നൽകിയ കോലി ഡിഎൻഎ ഇത്തവണ വ്യക്തമായിരുന്നു. ആൻഡേഴ്‌സണും ബുമ്രയും തമ്മിലുള്ള കൊമ്പുകോർക്കലിൽ തുടങ്ങി മത്സരം മറ്റൊരു നിലയിലേക്ക് മാറിയപ്പോൾ മൈതാനത്ത് പടർന്നത് തീപ്പൊരി തന്നെയായിരുന്നു. ഞങ്ങളുടെ ഒരുത്തനെ തൊട്ടാൽ ഞങ്ങൾ പതിനൊന്നും പിന്നാലെ വരും എന്ന് രാഹുൽ പറഞ്ഞെങ്കിൽ അതിന് പിന്നിലുള്ള ശക്തി കോലി അല്ലാതെ മറ്റാരുമല്ല.
ഇനി ബൗളിങ് പ്രകടനത്തിലേക്ക് കടക്കുകയാണെങ്കിൽ ഒരു കാലഘട്ടത്തിൽ വിദേശങ്ങളിൽ പ്രഹരങ്ങൾ മാത്രം ഏറ്റുവാങ്ങിയിരുന്ന ഇന്ത്യൻ പേസ് ബൗളിങ് നിര ഇന്ന് ലോകത്തെ ഏറ്റവും ശക്തമായ ബൗളിങ് യൂണിറ്റാണ്. ഈയൊരു മാറ്റത്തിന് പിന്നിലും കോലി തന്നെ. വിദേശങ്ങളിൽ മത്സരങ്ങളും പരമ്പരകളും നേടാൻ ഇന്ത്യയെ കെല്പുള്ളതാക്കി മാറ്റുന്നതാകട്ടെ ഈ പുതിയ പേസ് നിരയും. അവർക്കുള്ളിലെ കോലി ഡിഎൻഎയും തന്നെ.
ഏകദിനത്തിലും ടി20യിലും ഒരുപക്ഷേ മികച്ച ടാക്‌റ്റിക്‌സ് പുറത്തെടുക്കുന്ന നായകനായിരിക്കില്ല കോലി. എന്നാൽ ടെസ്റ്റിലേക്കെത്തുമ്പോൾ കാര്യം മറ്റൊന്നാണ്. ഒരു ടീം യൂണിറ്റ് എന്ന നിലയിൽ ടീമിനെ ഒന്നടങ്കം മാറ്റിയത് കോലി എഫക്‌ട് അല്ലാതെ മറ്റൊന്നല്ല. ഒരു ശരാശരി ടീം ഓസീസിൽ പോയി വിജയം കൈവരിച്ചെങ്കിൽ അതിന് പ്രധാന ചാലകശക്തി ടീമിന്റെ പൊരുതാനുള്ള ശക്തിയായിരുന്നു. പരാജയങ്ങളെ വെറുക്കുന്ന കോലി ജീൻ. അത് ഇന്ത്യൻ ടീമിൽ നിറച്ചത് മറ്റാരുമല്ല. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച നായകനായി വാഴ്‌ത്തപ്പെടാൻ പോകുന്ന വിരാട് കോലി തന്നെയാണ്.