തിങ്കളാഴ്ച വലിയ തോതില്‍ പ്രചരിക്കപ്പെട്ട ഒരു വാര്‍ത്തയാണിത്. ഐ പി എല്ലില്‍ തുടര്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങുന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്‍റെ ക്യാപ്ടന്‍സി വിരാട് കോഹ്‌ലി ഒഴിഞ്ഞു എന്നും മാത്രമല്ല, ടീം ഇന്ത്യയുടെ ക്യാപ്ടന്‍സിയും ഒഴിഞ്ഞ കോഹ്‌ലി വരുന്ന ലോകകപ്പില്‍ മഹേന്ദ്രസിംഗ് ധോണി തന്നെ ടീമിനെ നയിക്കണമെന്ന് ആവശ്യപ്പെട്ടു എന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇത് വായനക്കാര്‍ക്ക് ഒരു രസമാവട്ടെ എന്നുകരുതി ചില ദേശീയ മാധ്യമങ്ങള്‍ ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ നല്‍കിയ ഒരു തമാശ വാര്‍ത്തയായിരുന്നു.
പക്ഷേ, ഇതൊരു ഏപ്രില്‍ ഫൂള്‍ കോമഡിയാണെന്ന് മനസിലാകണമെങ്കില്‍ വാര്‍ത്ത മുഴുവനും വായിക്കണമെന്നതുകൊണ്ട്, പൂര്‍ണമായും വായിക്കാത്ത പലരും ഇത് സത്യമാണെന്ന് തെറ്റിദ്ധരിച്ചു. വിരാട് കോഹ്‌ലിയുടെ ബാംഗ്ലൂര്‍ ഇപ്പോള്‍ തോറ്റുനില്‍ക്കുന്ന സമയമായതുകൊണ്ട് കോഹ്‌ലിയുടേതെന്ന് പറഞ്ഞ് പുറത്തുവിട്ട പ്രസ്താവനയാണ് കൂടുതല്‍ തെറ്റിദ്ധാരണ പരത്തിയത്.
“ഇന്ത്യയുടെ ക്യാപ്ടനായി തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. വരുന്ന ലോകകപ്പില്‍ എം എസ് ധോണി ടീമിനെ നയിക്കുന്നതാണ് കൂടുതല്‍ നല്ലതെന്നാണ് ഞാന്‍ കരുതുന്നത്. അതൊരു വലിയ ടൂര്‍ണമെന്‍റാണ്, നാലുവര്‍ഷത്തിനിടെ ഒരിക്കല്‍ മാത്രമാണ് നടക്കുന്നത്. നമുക്ക് ലോകകപ്പ് ജയിക്കണം. അതിന് പ്രാപ്തിയുള്ള ടീമാണ് നമ്മുടേതെന്ന് ഞാന്‍ വിശ്വസിക്കുന്നു” - എന്ന് വിരാട് കോഹ്‌ലി പറഞ്ഞതായാണ് ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ പ്രചരിക്കപ്പെട്ടത്.
എന്തായാലും ആരാധകര്‍ ഞെട്ടലോടെ വായിച്ച ഈ വാര്‍ത്ത ഒരു ഏപ്രില്‍ ഫൂള്‍ പറ്റിക്കലാണെന്ന് ബോധ്യപ്പെട്ടതോടെയാണ് ഏവര്‍ക്കും ആശ്വാസമായത്. ഐ പി എല്ലിലെ തുടര്‍ പരാജയങ്ങളില്‍ നിന്നും ബാംഗ്ലൂര്‍ വിജയത്തിലേക്ക് തിരിച്ചുവരട്ടെയെന്നും ടീം ഇന്ത്യയ്ക്ക് ലോകകപ്പ് നേടിക്കൊടുക്കാന്‍ വിരാട് കോഹ്‌ലിക്ക് കഴിയട്ടെയെന്നും ആശംസിക്കാം.