വലിയ മത്സരങ്ങളിൽ കോലിയ്ക്ക് ഊർജ്ജം കൂടും, ലോകകപ്പിൽ താരത്തെ ശ്രദ്ധിക്കണമെന്ന് മാർക്കസ് സ്റ്റോയ്നിസ്

Webdunia
വെള്ളി, 25 ഓഗസ്റ്റ് 2023 (13:05 IST)
ലോകകപ്പ് അടുത്തിരിക്കെ തന്നെ ഓരോ രാജ്യങ്ങളും തങ്ങളുടെ ടീം തന്നെ ലോകകപ്പ് നേടുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍. ഇന്ത്യയില്‍ മത്സരങ്ങള്‍ നടക്കുന്നതിനാല്‍ ഇന്ത്യയ്ക്ക് ലോകകപ്പില്‍ സാധ്യത കല്‍പ്പിക്കുന്നവര്‍ നിരവധിയാണ്. ഇപ്പോഴിതാ ലോകകപ്പില്‍ വിരാട് കോലിയുടെ പ്രകടനം ഇന്ത്യയ്ക്ക് നിര്‍ണായകമാകുമെന്ന സൂചന നല്‍കിയിരിക്കുകയാണ് ഓസീസ് താരമായ മാര്‍ക്കസ് സ്‌റ്റോയ്‌നിസ്. എതിരാളികള്‍ കരുത്തരാകും തോറും കോലി കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്നും കഴിഞ്ഞ ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ നടത്തിയ പ്രകടനമാണ് ഒടുവിലെ ഉദാഹരണമെന്നും സ്‌റ്റോയ്‌നിസ് പറയുന്നു.
 
വലിയ ടൂര്‍ണമെന്റുകളില്‍ കോലി സമയോചിതമായി ഉയരും. വലിയ മത്സരങ്ങളില്‍ കോലിക്ക് കരുത്ത് കൂടുതലാണ്. ക്രീസില്‍ നിലയുറപ്പിച്ച് കഴിഞ്ഞാല്‍ പിന്നെ കോലിയെ തടയുക എന്നത് പ്രയാസമാണ്. വലിയ പോരാട്ടങ്ങളില്‍ മികവ് പുലര്‍ത്തുന്നതാണ് കോലിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. സ്‌റ്റോയ്‌നിസ് പറഞ്ഞു. സമകാലിക ക്രിക്കറ്റിലെ ബാറ്റിംഗ് ഇതിഹാസമായ കോലി രാജ്യാന്തര ക്രിക്കറ്റില്‍ 76 സെഞ്ചുറികള്‍ ഇതിനകം നേടിക്കഴിഞ്ഞു. 11 ടെസ്റ്റില്‍ നിന്നും 8676 റണ്‍സും 275 ഏകദിനങ്ങളില്‍ നിന്നും 12,989 റണ്‍സും 115 ടി20കളില്‍ നിന്നും 4008 റണ്‍സുമാണ് കോലിയുടെ സമ്പാദ്യം. ഇതിന് പുറമെ 237 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നും 7263 റണ്‍സും കോലിയുടെ പേരിലുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article