Virat Kohli: പറയാനുള്ളത് ടി20 ലോകകപ്പ് ഫൈനലിൽ രക്ഷകനായത് മാത്രം, 2024ൽ കോലി അട്ടർ ഫ്ളോപ്പ്

അഭിറാം മനോഹർ

വെള്ളി, 22 നവം‌ബര്‍ 2024 (12:46 IST)
ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ ആദ്യ ടെസ്റ്റിലും നിരാശപ്പെടുത്തുന്ന പ്രകടനവുമായി ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലി. 2023ലെ ഏകദിന ലോകകപ്പില്‍ തകര്‍ത്തടിച്ചതിന് ശേഷം അപ്രതീക്ഷിതമായാണ് വിരാട് കോലി ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ഒരു സാധാരണ ബാറ്ററിലേക്ക് താഴ്ന്നത്. 2024ലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ടി20 ലോകകപ്പ് ഫൈനലിലെ പ്രകടനമല്ലാതെ മറ്റൊന്നും തന്നെ കോലിയ്ക്ക് എടുത്ത് കാണിക്കാനില്ല.
 
 ഓസ്‌ട്രേലിയയില്‍ മികച്ച റെക്കോര്‍ഡുള്ള കോലി ഇത്തവണ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലൂടെ ശക്തമായി തിരിച്ചുവരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 2024ല്‍ 7 കളികളിലായി കളിച്ച 13 ഇന്നിങ്ങ്‌സുകളില്‍ നിന്നും 21.25 ശരാശരിയില്‍ വെറും 255 റണ്‍സ് മാത്രമാണ് കോലി നേടിയിട്ടുള്ളത്. ന്യൂസിലന്‍ഡിനെതിരെ നേടിയ 70 റണ്‍സാണ് ടെസ്റ്റില്‍ 2024ലെ കോലിയുടെ ഉയര്‍ന്ന സ്‌കോര്‍.
 
 2024ല്‍ കളിച്ച 3 ഏകദിനങ്ങളില്‍ നിന്നും 58 റണ്‍സ് മാത്രമാണ് കോലി നേടിയത്. 24 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ഏകദിനത്തില്‍ 2024ല്‍ 19.33 റണ്‍സ് ശരാശരി മാത്രമാണ് കോലിയ്ക്കുള്ളത്. ടി20യിലാകട്ടെ 10 കളികളില്‍ നിന്നും 180 റണ്‍സ് മാത്രമാണ് കോലിയുടെ സമ്പാദ്യം. ടി20 ലോകകപ്പ് ഫൈനലില്‍ നേടിയ 76 റണ്‍സാണ് കോലിയുടെ 2024ലെ ഉയര്‍ന്ന സ്‌കോര്‍. അതേസമയം 18 എന്ന മോശം ബാറ്റിംഗ് ശരാശരിയാണ് ടി20യില്‍ കോലിയ്ക്കുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍