ദയയില്ലാതെയാണ് കോഹ്‌ലി എന്നോട് പെരുമാറിയത്; 2014ല്‍ ഉണ്ടായ സംഭവം എന്തായിരുന്നു ? - മിച്ചല്‍ ജോണ്‍സണ്‍ പറയുന്നു

Webdunia
വ്യാഴം, 7 ഏപ്രില്‍ 2016 (14:42 IST)
ഇന്ത്യന്‍ ഉപനായകന്‍ വിരാട് കോഹ്‌ലിയുമായുള്ള പ്രശ്‌നങ്ങളെക്കുറിച്ച് വ്യക്തമാക്കി മുന്‍ ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ മിച്ചല്‍ ജോണ്‍സണ് രംഗത്ത്. 2014ലെ അഡ്‌ലൈഡ് ടെസ്റ്റില്‍ നടന്ന സംഭവങ്ങളാണ് വിരാടിനോട് തനിക്ക് എതിര്‍പ്പുണ്ടാകാന്‍ കാരണമായത്. നിസാര കാരണത്തിന്റെ പേരില്‍ അദ്ദേഹം എന്നോട് ദയാരഹിതമായി പെരുമാറിയെന്നും ജോണ്‍‌സണ്‍ വ്യക്തമാക്കുന്നു.

അഡ്‌ലൈഡ് ടെസ്റ്റിനിടെ കോഹ്ലി ബാറ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തെ റണ്ണൗട്ട് ആക്കുന്നതിനായി സ്റ്റംമ്പിന് നേരെ പന്തെറിഞ്ഞു. നിര്‍ഭാഗ്യവശാല്‍ അത് കോഹ്‌ലിയുടെ ദേഹത്താണ് കൊണ്ടത്. അപ്രതീക്ഷിതമായി നടന്ന ഈ സംഭവത്തില്‍ കോഹ്‌ലിയുടെ പ്രതികരണം മോശമായിരുന്നു. അന്ന് വൈകുന്നേരം നടന്ന വാര്‍ത്ത സമ്മേളനത്തില്‍ എനിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് വിരാട് നടത്തിയതെന്നും ജോണ്‍‌സണ്‍ പറഞ്ഞു.

ചില ഓസ്‌ട്രേലിയന്‍ താരങ്ങളെ ബഹുമാനിക്കുന്നുണ്ടെന്നും മറ്റു ചിലരോട് അതിന്റെ ആവശ്യമില്ലെന്നുമായിരുന്നു കോഹ്‌ലി എന്നെ ഉദ്ദേശിച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. എന്നോട് ചില ഓസീസ് താരങ്ങള്‍ക്ക് വെറുപ്പുണ്ടെന്നും അതിനാല്‍ ആണ് ഇത്തരത്തില്‍ പെരുമാറുന്നതെന്നും എന്നെ ലക്ഷ്യംവച്ച് കോഹ്ലി പറഞ്ഞുവെന്നും ജോണ്‍സണ്‍ വ്യക്തമാക്കി. ഈ സംഭവങ്ങളാണ് അദ്ദേഹവുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ കാരണമായതെന്നും ഓസീസ് പേസര്‍ പറഞ്ഞു.