Cricket 2023: സച്ചിനെ മറികടന്ന കോലി, യുവരാജാവ് താൻ തന്നെയെന്ന് ഗിൽ തെളിയിച്ച വർഷം

Webdunia
വ്യാഴം, 7 ഡിസം‌ബര്‍ 2023 (19:52 IST)
ഏകദിന ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ വമ്പന്‍ പരാജയമേറ്റുവാങ്ങിയെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം മികച്ച വര്‍ഷം തന്നെയായിരുന്നു 2023. വ്യക്തിഗത റെക്കോര്‍ഡ് നേട്ടത്തില്‍ ആര്‍ക്കും തന്നെ തകര്‍ക്കാന്‍ പറ്റില്ലെന്ന് കരുതിയിരുന്ന ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഏകദിന സെഞ്ചുറികളുടെ റെക്കോര്‍ഡ് വിരാട് കോലി മറികടക്കുന്നതിനും കോലിയ്ക്ക് പിന്‍ഗാമി താന്‍ തന്നെയെന്ന് യുവതാരമായ ശുഭ്മാന്‍ ഗില്‍ ഉറക്കെ പ്രഖ്യാപിക്കുന്നതും 2023ല്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് കാണാന്‍ സാധിച്ചു.
 
ക്രിക്കറ്റിലെ സംബന്ധിച്ചിടത്തോളം ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കിരീട നേട്ടങ്ങളുടെ എണ്ണത്തില്‍ ചെന്നൈയ്‌ക്കൊപ്പമെത്തുന്നതും ഓസീസ് മറ്റൊരു ലോകകപ്പ് കൂടി തങ്ങളുടെ ഷെല്‍ഫില്‍ എത്തിക്കുന്നതും 2023ല്‍ കാണാനായി. ഏകദിന ലോകകപ്പ് ഫൈനലിന് പുറമെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യ പരാജയം കുറിച്ച വര്‍ഷം ഇന്ത്യയ്ക്ക് അഭിമാനമേകിയത് വിരാട് കോലി,ശുഭ്മാന്‍ ഗില്‍ എന്നീ താരങ്ങളുടെ വ്യക്തിഗത പ്രകടനങ്ങളായിരുന്നു.
 
ഏകദിന ലോകകപ്പ് ടൂര്‍ണമെന്റിനിടെയായിരുന്നു വിരാട് കോലി സച്ചിന്റെ 49 ഏകദിന സെഞ്ചുറികള്‍ എന്ന റെക്കോര്‍ഡ് മറികടന്നത്. ഇതോടെ ഏകദിന ക്രിക്കറ്റിന്റെ 52 വര്‍ഷത്തെ ചരിത്രത്തില്‍ 50 ഏകദിന സെഞ്ചുറികള്‍ തികയ്ക്കുന്ന ആദ്യതാരമെന്ന നേട്ടം കോലി സ്വന്തമാക്കി. 2023ലെ ലോകകപ്പില്‍ 765 റണ്‍സ് അടിച്ചെടുത്തതോടെ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന സച്ചിന്റെ നേട്ടവും കോലി പഴംകഥയാക്കി.
 
അതേസമയം ടി20 ക്രിക്കറ്റിലും ടെസ്റ്റ് ക്രിക്കറ്റിലും ഏകദിനക്രിക്കറ്റിലും വമ്പന്‍ പ്രകടനമാണ് യുവതാരമായ ശുഭ്മാന്‍ ഗില്‍ പുറത്തെടുത്തത്. ഐപിഎല്‍ എഡിഷനില്‍ 900+ റണ്‍സ് കണ്ടെത്തിയ താരം ഐപിഎല്ലിലെ മികവ് ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലും പുറത്തെടുത്തു. ലോകറാങ്കിംഗില്‍ കോലിയ്ക്ക് ശേഷം ഒന്നാം സ്ഥാനത്തെത്തുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കിയ ഗില്‍ യുവരാജാവെന്ന വിളിപ്പേര് ശരിവെയ്ക്കുന്നത് 2023ലാണ്. 2 ഐസിസി ഫൈനലുകളില്‍ പരാജയമായെങ്കിലും വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ശക്തമായി ടീം തിരിച്ചുവരുമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article