ഏകദിന ക്രിക്കറ്റില്‍ 49 രാജ്യാന്തര സെഞ്ചുറികളെന്ന ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് നേട്ടം കഴിഞ്ഞ ലോകകപ്പില്‍ തകര്‍ത്തെങ്കിലും രാജ്യാന്തര ക്രിക്കറ്റില്‍ 100 സെഞ്ചുറികളെന്ന സച്ചിന്റെ നേട്ടത്തിനൊപ്പമെത്തുക എന്നത് വിരാട് കോലിക്ക് സാധിക്കാത്തെ കാര്യമാണെന്ന് വെസ്റ്റിന്‍ഡീസ് ഇതിഹാസതാരം ബ്രയന്‍ ലാറ. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ സച്ചിന്റെ 49 രാജ്യാന്തര ഏകദിന സെഞ്ചുറികളെന്ന റെക്കോര്‍ഡ് മറികടന്ന കോലിയ്ക്ക് നൂറ് രാജ്യാന്തര സെഞ്ചുറികളെന്ന നേട്ടത്തിനൊപ്പമെത്താന്‍ 20 സെഞ്ചുറികള്‍ കൂടി ആവശ്യമാണ്.
കോലിയുടെ ആരാധകനാണ് താനെങ്കിലും സച്ചിന്റെ റെക്കോര്‍ഡ് കോലി മറികടക്കുമെന്ന് തന്റെ യുക്തിക്ക് തോന്നുന്നില്ലെന്ന് ലാറ പറയുന്നു. കോലിയ്ക്ക് 35 വയസ്സായി. രാജ്യാന്തര ക്രിക്കറ്റിലെ അവസാന സമയങ്ങളിലാണ് അയാള്‍. സച്ചിന്റെ റെക്കോര്‍ഡ് നേട്ടത്തിനൊപ്പമെത്താന്‍ ഇനിയും 20 സെഞ്ചുറികള്‍ കോലിയ്ക്ക് വേണം. ഓരോ വര്‍ഷം അഞ്ച് സെഞ്ചുറികള്‍ വീതമെങ്കിലും നേടിയാല്‍ നാല് വര്‍ഷം കൊണ്ട് കോലിയ്ക്ക് ആ നേട്ടത്തിലെത്താം. എന്നാല്‍ അപ്പോളേയ്ക്ക് കോലിയ്ക്ക് 39 വയസ്സാകും. അത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. ലാറ പറഞ്ഞു.