നിങ്ങള്‍ കുറിച്ചിട്ടോളു, ടെസ്റ്റിലെ എന്റെ 400 റണ്‍സ് നേട്ടം ഗില്‍ തകര്‍ക്കും, പ്രവചനവുമായി ബ്രയാന്‍ ലാറ

ബുധന്‍, 6 ഡിസം‌ബര്‍ 2023 (20:35 IST)
അന്താരാഷ്ട്ര ക്രിക്കറ്റില്‍ തകര്‍ക്കാനാവില്ലെന്ന് കരുതിയ പല റെക്കോര്‍ഡുകളും തകര്‍ന്ന് വീണെങ്കിലും ഇപ്പോഴും തലയെടുപ്പോടെ നില്‍ക്കുന്ന പല റെക്കോര്‍ഡ് നേട്ടങ്ങളുമുണ്ട്. അതിലൊന്നാണ് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറെന്ന ഇതിഹാസതാരം ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡ്. 2004ല്‍ ഇംഗ്ലണ്ടിനെതിരെ 582 പന്തുകള്‍ നേരിട്ട് 43 ബൗണ്ടറികളും 4 സിക്‌സുമടക്കമാണ് ലാറ 400 റണ്‍സെന്ന മാന്ത്രികസംഖ്യയിലെത്തിയത്.
 
കഴിഞ്ഞ 2 പതിറ്റാണ്ടിനിടെ പലതാരങ്ങളും ട്രിപ്പിള്‍ സെഞ്ചുറി എന്ന കടമ്പ കടന്ന് മുന്നേറിയെങ്കിലും ലാറയുടെ 400 റണ്‍സിന്റെ റെക്കോര്‍ഡും 1994ല്‍ താരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കുറിച്ച 501 റണ്‍സെന്ന റെക്കോര്‍ഡും തകര്‍ത്തിട്ടില്ല. എന്നാല്‍ തന്റെ ഈ രണ്ട് റെക്കോര്‍ഡ് നേട്ടങ്ങളും തകര്‍ക്കാന്‍ പോകുന്നത് ഇന്ത്യന്‍ താരമായ ശുഭ്മാന്‍ ഗില്ലാകുമെന്ന് ലാറ പറയുന്നു. ഇന്ന് ലോകക്രിക്കറ്റിലെ ഏറ്റവും പ്രതിഭാധനനായ ക്രിക്കറ്റര്‍ ഗില്ലാണെന്നും വരും വര്‍ഷങ്ങളില്‍ ഗില്ലായിരിക്കും ക്രിക്കറ്റ് ലോകം ഭരിക്കാന്‍ പോകുന്നതെന്നും ലാറ വ്യക്തമാക്കി. നിലവില്‍ കരിയറിലെ 18 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 966 റണ്‍സാണ് ഗില്ലിന്റെ പേരിലുള്ളത്.
 
പേസര്‍മാര്‍ക്കെതിരെ സ്‌റ്റെപ്പ് ഔട്ട് ചെയ്ത് ബൗണ്ടറി നേടുന്ന ഗില്ലിന്റെ പ്രകടനം അവിശ്വസനീയമാണ്. കൗണ്ടി ക്രിക്കറ്റില്‍ അവന്‍ കളിക്കുകയാണെങ്കില്‍ എന്റെ 501 റണ്‍സിന്റെ റെക്കോര്‍ഡ് തകരുമെന്ന് ഉറപ്പാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ 400 റണ്‍സടിക്കാനും ഗില്ലിന് സാധിക്കും. ലാറ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍