സ്പിന്നർമാർ വാഴുമെന്ന് കരുതപ്പെട്ട കാൺപൂർ ടെസ്റ്റിൽ ഇന്ത്യയുടെ അടിത്തറ ഇളക്കി ടിം സൗത്തി. 27.4 ഓവറില്‍ ആറു മെയ്ഡനടക്കം 69 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകളാണ് മത്സരത്തിൽ സൗത്തി വീഴ്‌ത്തിയത്. ആദ്യദിനം ഒരു വിക്കറ്റെടുത്ത അദ്ദേഹം രണ്ടാംദിനം ലഞ്ച് ബ്രേക്കിനു മുമ്പ് തന്നെ നാലു പേരെ കൂടി പുറത്താക്കി ഫൈഫര്‍ കുറിക്കുകയായിരുന്നു.
26 റണ്‍സെടുത്ത ചേതേശ്വര്‍ പുജാരയായിരുന്നു ആദ്യദിനത്തിൽ സൗത്തിയുടെ ഇര. രണ്ടാം ദിനത്തിലെ ആദ്യ സെഷനിൽ തന്നെ ഇന്ത്യയ്ക്ക് മികച്ച അടിത്തറയിട്ട രവീന്ദ്ര ജഡേജയെ പുറത്താക്കികൊണ്ടാണ് രണ്ടാം ദിനത്തിൽ സൗത്തി വിക്കറ്റ് കൊയ്‌ത്തിന് തുടക്കമിട്ടത്. തുടർന്ന് വൃദ്ധിമാൻ സാഹ, മത്സരത്തിലെ സെഞ്ചുറി വീരനായ ശ്രേയസ് അയ്യർ എന്നിവരെയും സൗത്തി മടക്കി.