കിവീസിനെ കറക്കി വീഴ്‌ത്താൻ അശ്വിൻ, കാത്തിരിക്കുന്നത് വമ്പൻ റെക്കോഡുകൾ

ബുധന്‍, 24 നവം‌ബര്‍ 2021 (20:55 IST)
ഇന്ത്യ-ന്യൂസീലന്‍ഡ് ടി20 പരമ്പരക്ക് പിന്നാലെ രണ്ട് മത്സര ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്ക‌മാവുമ്പോൾ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനേറ്റ തോൽവിക്ക് മധുരപ്രതികാരം ചെയ്യാൻ കാത്തിരിക്കുകയാണ് ഇന്ത്യ. അതേസമയം കഴിഞ്ഞ 33 വർഷത്തിൽ ഒരിക്കൽ പോലും ഇന്ത്യയിൽ ടെസ്റ്റ് പരമ്പര നേടാനായിട്ടില്ല എന്ന നാണക്കേട് മാറ്റിയെഴുതാനുള്ള ദൃഡനിശ്ചയത്തിലാണ് കിവികൾ.
 
ഇത്തവണ ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ ഏറ്റുമുട്ടു‌മ്പോൾ ഇന്ത്യ ഏറ്റവും അധികം പ്രതീക്ഷവെയ്ക്കുന്നത് സ്പിന്നർ അശ്വിന്റെ പ്രകടനത്തിലാണ്. ന്യൂസിലൻഡിന്റെ പ്രധാനതാരമായ കെയ്‌ൻ വില്യംസണിനെ അഞ്ച് തവണയാണ് താരം പുറത്താക്കിയിട്ടുള്ളത്. ഒരു തവണ കൂടി വില്യംസണിനെ പുറത്താക്കാനായാൽ കൂടുതല്‍ തവണ വില്യംസണെ പുറത്താക്കുന്ന ഇന്ത്യന്‍ ബൗളറെന്ന നേട്ടം സ്വന്തമാക്കാന്‍ അശ്വിനാവും.
 
അതേസമയം നാലു വിക്കറ്റുകൾ കൂടി നേടാനായാൽ ടെസ്റ്റിലെ വിക്കറ്റ് വേട്ടക്കാരില്‍ ഹര്‍ഭജന്‍ സിങ്ങിന്റെ റെക്കോഡിനൊപ്പമെത്താന്‍ അശ്വിനാവും. 79 മത്സരത്തില്‍ നിന്ന് 413 വിക്കറ്റുകളാണ് നിലവില്‍ അശ്വിന്റെ പേരിലുള്ളത്.അനില്‍ കുംബ്ലെ (619), കപില്‍ ദേവ് (434) എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്.
 
ടെസ്റ്റിൽ ഏഴ് തവണയാണ് അശ്വിന്‍ 10 വിക്കറ്റ് പ്രകടനം നടത്തിയിരിക്കുന്നത്. ഒരു തവണ കൂടി 10 വിക്കറ്റ് പ്രകടനം നടത്തിയാല്‍ അനില്‍ കുംബ്ലെയുടെ റെക്കോഡിനൊപ്പമെത്താന്‍ അശ്വിനാവും. 30 തവണയാണ് ടെസ്റ്റിൽ അശ്വിൻ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിട്ടുള്ളത്.59റണ്‍സ് വിട്ടുകൊടുത്ത് ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ് ടെസ്റ്റിലെ അശ്വിന്റെ മികച്ച പ്രകടനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍