ഇന്ത്യ ന്യൂസിലൻഡിനെ വീഴ്‌ത്തിയിരിക്കും, കാരണങ്ങൾ ഇവ

ചൊവ്വ, 25 മെയ് 2021 (18:50 IST)
ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരങ്ങൾ ജൂൺ 18ന് തുടക്കമാകവെ ആര് കപ്പ് നേടുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. ഇംഗ്ലണ്ടിൽ നടക്കുന്ന കലാശപോരാട്ടം ഇന്ത്യയ്‌ക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്. ഇംഗ്ലണ്ടിലെ പേസ് മൈതാനത്ത് ന്യൂസിലൻഡ് നിരയെ നേരിടുന്നത് ദുഷ്‌കരമാണെന്നതാണ് ഇതിന് കാരണം. എന്നാൽ ഇന്ത്യ ഇക്കുറി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നേടുമെന്ന് കരുതുവാനും കാരണങ്ങളുണ്ട്.അവയെന്തെല്ലാമെന്ന് നോക്കാം.
 
ഇംഗ്ലണ്ടിലെ പേസ് പിച്ചുകളിൽ ന്യൂസിലൻഡ് പേസ് നിരയ്‌ക്ക് തുല്യമായ പേസർമാരുടെ നിര ഇന്ത്യയ്ക്കും ഉണ്ട് എന്നതാണ് ആദ്യ കാരണം. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്‌തമായി വിദേശങ്ങളിലെ മൈതാനങ്ങളിൽ കരുത്ത് തെളിയിച്ചവരാണ് ഇന്ത്യൻ ബൗളർമാർ. ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി,ജസ്പ്രീത് ബുംറ ,ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നീ പേസര്‍മാര്‍ ഏത് മൈതാനത്തും ഒരുപോലെ തിളങ്ങാന്‍ കെല്‍പ്പുള്ളവരാണ്.
 
ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണിങ് സ്ഥാനത്ത് മിന്നുന്ന പ്രകടനം കാഴ്‌ച്ചവെക്കുന്ന രോഹിത് ശർമയാണ് രണ്ടാമത്തെ ഘടകം. രോഹിതിന്റെ ബാറ്റിങ് മികവിലൂടെ ലഭിക്കുന്ന മികച്ച തുടക്കം ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 64.37 ശരാശരിയില്‍ 1030 റണ്‍സ് ഇതിനോടകം തന്നെ രോഹിത് നേടിയിട്ടുണ്ട്.
 
ഇതിനൊപ്പം മത്സരഫലത്തെ ഒറ്റ സെഷൻ കൊണ്ട് മാത്രം മാറ്റിമറിയ്‌ക്കാൻ കഴിവുള്ള റിഷഭ് പന്ത് കൂടി ചേരുമ്പോൾ ഇന്ത്യ കൂടുതൽ അപകടകാരിയാകുന്നു. ഓസ്‌ട്രേലിയയില്‍ ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തുന്നതിലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും പന്തിന്റെ പ്രകടനങ്ങൾ വലുതായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍