രണ്ട് ടീം, രണ്ട് നീതി? പുരുഷ ടീമിന്റെ കൊവിഡ് ടെസ്റ്റ് ബിസിസിഐ നടത്തും, വനിതാ ടീം സ്വന്തം നിലയിൽ ചെയ്യണം: വിവാദം

ചൊവ്വ, 18 മെയ് 2021 (12:27 IST)
ഇന്ത്യയിൽ മാത്രമല്ല ലോകത്ത് എല്ലായിടത്തും തന്നെ പുരുഷ കായികതാരങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലമോ പ്രശസ്‌തിയോ വനിതാ താരങ്ങൾക്ക് ലഭിക്കാറില്ല. പ്രശസ്‌ത അമേരിക്കൻ വനിതാ ഫുട്ബോൾ താരമായ മെഗാൻ റാപ്പിനോ അടക്കമുള്ള പ്രമുഖരായ താരങ്ങൾ വനിതാ പുരുഷ താരങ്ങൾക്കിടെയിലെ ഈ അന്തരം കുറക്കണമെന്ന് ആവശ്യപ്പെടുന്നവരാണ്. എന്നാൽ ഇപ്പോളിതാ വിവേചനത്തിന്റെ ഒരു വാർത്തയാണ് ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും പുറട്ടുവരുന്നത്.
 
ഇംഗ്ലണ്ട് പര്യടനത്തിനായി പോകുന്ന ഇന്ത്യൻ പുരുഷ താരങ്ങൾക്കുള്ള ടെസ്റ്റ് ബിസിസിഐ നേരിട്ട് നടത്തുമെന്നും എന്നാൽ വനിതാ താരങ്ങൾ നടത്തുന്ന ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി ടീം അംഗങ്ങൾ കൊവിഡ് നെഗറ്റീവാണെന്ന രേഖ സ്വന്തം നിലയിൽ ഹാജരാക്കണമെന്നുമാണ് ബിസിസിഐ നിർദേശം.
 
പുരുഷ താരങ്ങളുടെ വീടുകളിൽ ചെന്നാണ് കൊവിഡ് പരിശോധന നടത്തുന്നത്. മെയ്19ന് ബയോബബിളിൽ പ്രവേശിക്കുന്നതിന് മുൻപ് വനിതാ-പുരുഷ താരങ്ങൾ 48 മണിക്കൂറുകൾക്കുള്ളിലെ കൊവിഡ് പരിശോധന ഫലം ഹാജരാക്കണമെന്നാണ് വ്യവസ്ഥ. മുംബൈയിൽ എത്തുന്നതിന് മുൻപ് ഒരു കൊവിഡ് ടെസ്റ്റ് കൂടി ബിസിസിഐ പുരുഷതാരങ്ങൾക്കായി നടത്തും. എന്നാൽ വനിതാ താരങ്ങൾ ഈ ടെസ്റ്റ് സ്വന്തം നിലയിൽ നടത്തണം എന്ന നിർദേശമാണ് വിവാദമായിരിക്കുന്നത്.
 
ഒരേ പര്യടനത്തിന് ഒരുമിച്ച് യാത്രയാകുന്ന സംഘത്തിലെ രണ്ട് ടീമുകളോടുള്ള വ്യത്യസ്‌തമായ സമീപനം കൃത്യമായ ലിംഗവിവേചനമാണെന്നാണ് വിമർശനം. പുരുഷ ടീമിനൊപ്പം പോകുന്ന കുടുംബാംഗങ്ങളെ പോലും ബിസിസിഐ സ്വന്തം നിലയിൽ കൊവിഡ് ടെസ്റ്റിന് വിധേയമാക്കുമ്പോളാണ് വനിതാ താരങ്ങൾക്കെതിരെ  പ്രകടമായ വേർതിരിവ് കാണിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍