T20 World Cup 2024, India vs Pakistan Match Live Updates: ജയിച്ചെന്നു കരുതി ആഘോഷം തുടങ്ങി പാക്കിസ്ഥാന്‍; നൈസായി എറിഞ്ഞിട്ട് ബുംറ, സ്‌പൈഡര്‍മാനായി പന്ത്
T20 World Cup 2024, India vs Pakistan Match Live Updates: പാക്കിസ്ഥാനെതിരായ ത്രില്ലറില്‍ ഇന്ത്യക്ക് ആറ് റണ്‍സ് വിജയം. നൂറ് ശതമാനം ജയം ഉറപ്പിച്ച മത്സരമാണ് പാക്കിസ്ഥാന്‍ കൈവിട്ടത്. ഇന്ത്യയെ തോല്‍പ്പിച്ചെന്ന് ഉറപ്പിച്ച പാക്കിസ്ഥാന്‍ ആരാധകര്‍ ഗാലറിയില്‍ ആഘോഷ പ്രകടനങ്ങള്‍ വരെ തുടങ്ങിയതാണ്. എന്നാല്‍ ജസ്പ്രീത് ബുംറയുടെ ബൗളിങ് മികവില്‍ പാക്കിസ്ഥാന്‍ ആരാധകരുടെ ചിരി പൂര്‍ണമായും മാഞ്ഞു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19 ഓവറില്‍ 119 ന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ പാക്കിസ്ഥാന് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
ജസ്പ്രീത് ബുംറ നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. 15 ഡോട്ട് ബോളുകളാണ് ബുംറ നാല് ഓവറിനുള്ളില്‍ എറിഞ്ഞത്. റണ്‍സ് വിട്ടുകൊടുക്കാതെ എറിഞ്ഞ ഓരോ ബോളുകളും ഇന്ത്യയെ വിജയത്തിലേക്ക് അടുപ്പിക്കുകയായിരുന്നു. ഹാര്‍ദിക് പാണ്ഡ്യ നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. അര്‍ഷ്ദീപ് സിങ്ങിനും അക്ഷര്‍ പട്ടേലിനും ഓരോ വിക്കറ്റ്. 44 പന്തില്‍ 31 റണ്‍സെടുത്ത മുഹമ്മദ് റിസ്വാന്‍ ആണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍.
31 പന്തില്‍ 42 റണ്‍സെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അക്ഷര്‍ പട്ടേല്‍ 18 പന്തില്‍ 20 റണ്‍സും രോഹിത് ശര്‍മ 12 പന്തില്‍ 13 റണ്‍സും നേടി. ബാക്കിയെല്ലാം രണ്ടക്കം കാണാതെ പുറത്തായി.
പാക്കിസ്ഥാന് വേണ്ടി നസീം ഷാ നാല് ഓവറില്‍ 21 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹാരിസ് റൗഫും മൂന്ന് ഓവറില്‍ 21 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് സ്വന്തമാക്കി. മുഹമ്മദ് ആമിറിന് രണ്ടും ഷഹീന്‍ ഷാ അഫ്രീദിക്ക് ഒരു വിക്കറ്റും.
ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ സ്‌കോര്‍ 150 കടക്കുമെന്ന് പ്രതീക്ഷിച്ചതാണ്. ആദ്യ പത്ത് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സാണ് ഇന്ത്യ നേടിയത്. പിന്നീടുള്ള ഒന്‍പത് ഓവറില്‍ 38 റണ്‍സ് എടുക്കുന്നതിനിടെ ഏഴ് വിക്കറ്റുകള്‍ നഷ്ടമായി.
ട്വന്റി 20 ലോകകപ്പില്‍ ഇതുവരെ എട്ട് തവണയാണ് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയിരിക്കുന്നത്. ഇന്ത്യയുടെ ഏഴാം ജയമാണിത്. ഒരു തവണ മാത്രമാണ് പാക്കിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാന്‍ സാധിച്ചിരിക്കുന്നത്.