നെറ്റ് റണ്‍റേറ്റില്‍ അഫ്ഗാനിസ്ഥാന്‍ കുതിപ്പ്; ഇന്ത്യക്ക് ഭീഷണി, പോയിന്റ് പട്ടികയില്‍ കോലിപ്പട അഞ്ചാമത് !

Webdunia
ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (14:12 IST)
ടി 20 ലോകകപ്പ് ഗ്രൂപ്പ് 2 പോയിന്റ് ടേബിളില്‍ അഫ്ഗാനിസ്ഥാന് കുതിപ്പ്. സ്‌കോട്ട്‌ലന്‍ഡിനെ വലിയ മാര്‍ജിനില്‍ തോല്‍പ്പിച്ചതോടെ അഫ്ഗാനിസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. നെറ്റ് റണ്‍റേറ്റില്‍ പാക്കിസ്ഥാനെ കടത്തിവെട്ടിയാണ് അഫ്ഗാന്‍ ഒന്നാം സ്ഥാനത്തെത്തിയത്. +6.500 ആണ് അഫ്ഗാനിസ്ഥാന്റെ റണ്‍റേറ്റ്. രണ്ടാം സ്ഥാനത്തുള്ള പാക്കിസ്ഥാന് + 0.973 ആണ് നെറ്റ് റണ്‍റേറ്റ്. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ തോറ്റ ഇന്ത്യ -0.973 നെറ്റ് റണ്‍റേറ്റില്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. ഗ്രൂപ്പില്‍ നിന്ന് രണ്ട് ടീമുകള്‍ മാത്രമേ സെമി ഫൈനലിലേക്ക് യോഗ്യത നേടൂ. 
 
ഇന്ന് പാക്കിസ്ഥാനും ന്യൂസിലന്‍ഡും ഏറ്റുമുട്ടുമ്പോള്‍ ഇന്ത്യന്‍ ആരാധകരും ഹൃദയമിടിപ്പോടെ മത്സരഫലത്തിനായി കാത്തിരിക്കും. ന്യൂസിലന്‍ഡിനെ പാക്കിസ്ഥാന്‍ തോല്‍പ്പിക്കണേ എന്നായിരിക്കും ഇന്ത്യന്‍ ആരാധകരുടെ പ്രാര്‍ത്ഥന. 
 
ഒക്ടോബര്‍ 31 നാണ് സൂപ്പര്‍ 12 ലെ ഇന്ത്യയുടെ അടുത്ത മത്സരം. ന്യൂസിലന്‍ഡാണ് എതിരാളികള്‍. ആറ് ടീമുകള്‍ അടങ്ങുന്ന ഗ്രൂപ്പില്‍ നിന്ന് രണ്ട് ടീമുകളാണ് സെമിയിലേക്ക് കയറുക. പാക്കിസ്ഥാനോട് തോറ്റ ഇന്ത്യ അടുത്ത മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് കൂടി തോല്‍വി വഴങ്ങിയാല്‍ കാര്യങ്ങള്‍ അത്ര സുഖകരമാകില്ല. ഗ്രൂപ്പിലെ താരതമ്യേന ദുര്‍ബലരായ മറ്റ് ടീമുകളോടെല്ലാം ഇന്ത്യ ജയിച്ചാലും ന്യൂസിലന്‍ഡിനെതിരെ തോറ്റാല്‍ ഇന്ത്യയുടെ സെമി സാധ്യതകള്‍ക്ക് വരെ ഭീഷണിയാകും. പിന്നീട് പാക്കിസ്ഥാന്‍-ന്യൂസിലന്‍ഡ് മത്സരത്തിലെ ഫലം വരെ ഇന്ത്യയുടെ സെമി പ്രവേശനത്തെ സ്വാധീനിച്ചേക്കാം. അതുകൊണ്ട് തന്നെ ന്യൂസിലന്‍ഡിനോട് മികച്ച മാര്‍ജിനില്‍ ജയിച്ച് സെമി സാധ്യത ശക്തമായി നിലനിര്‍ത്തുകയാണ് ഇന്ത്യ ചെയ്യേണ്ടത്. 
 
അതേസമയം, ടി 20 ലോകകപ്പ് ചരിത്രത്തില്‍ കണക്കുകള്‍ ന്യൂസിലന്‍ഡിന് ഒപ്പമാണ്. രണ്ട് തവണയാണ് ടി 20 ലോകകപ്പില്‍ ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടിയിരിക്കുന്നത്. 2007 ലും 2016 ലും ആയിരുന്നു അത്. രണ്ട് തവണയും ജയം കിവീസിനൊപ്പമായിരുന്നു. ടി 20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ ആദ്യ ജയം നേടാനുള്ള സുവര്‍ണാവസരം കൂടിയാണ് ഒക്ടോബര്‍ 31 ന് ഇന്ത്യയ്ക്ക് ലഭിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article