ആശങ്കയായി ഭുവനേശ്വര്‍ കുമാര്‍; പകരം മൂന്ന് പേസര്‍മാര്‍ പരിഗണനയില്‍, അവസരം കാത്ത് മുഹമ്മദ് സിറാജും

ചൊവ്വ, 28 സെപ്‌റ്റംബര്‍ 2021 (16:56 IST)
യുഎഇയില്‍ പുരോഗമിക്കുന്ന ഐപിഎല്‍ രണ്ടാം പാദത്തില്‍ വേണ്ടത്ര ശോഭിക്കാന്‍ കഴിയാത്ത ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യയ്ക്ക് തലവേദനയാകുന്നു. ടി 20 ലോകകപ്പ് 15 അംഗ സ്‌ക്വാഡില്‍ ഭുവനേശ്വര്‍ കുമാറും ഇടംപിടിച്ചിട്ടുണ്ട്. എന്നാല്‍, സണ്‍റൈസേഴ്‌സ് ഹൈദരബാദിനായി കളിച്ച എട്ട് കളികളില്‍ നിന്ന് അഞ്ച് വിക്കറ്റുകള്‍ മാത്രമാണ് ഭുവനേശ്വര്‍ കുമാര്‍ സ്വന്തമാക്കിയിരിക്കുന്നത്. 
 
ഭുവനേശ്വര്‍ കുമാറിനു പകരം യുഎഇ സാഹചര്യങ്ങളില്‍ മികച്ച പ്രകടനം നടത്തുന്ന മൂന്ന് പേസര്‍മാരെ ഇന്ത്യന്‍ സെലക്ടര്‍മാര്‍ പ്രത്യേകം നിരീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്. 15 അംഗ സ്‌ക്വാഡില്‍ മൂന്ന് പേസര്‍മാര്‍ മാത്രമാണ് ഉള്ളത്. അതിനാല്‍ തന്നെ ഭുവനേശ്വര്‍ കുമാര്‍ ഫോംഔട്ട് തുടര്‍ന്നാല്‍ പകരം മറ്റൊരാളെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സെലക്ടര്‍മാര്‍ നിര്‍ബന്ധിതരാകും. 
 
ന്യൂ ബോളിലും ഡെത്ത് ഓവറുകളിലും വിക്കറ്റ് നേടാന്‍ കഴിവുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് താരം ആവേഷ് ഖാന്‍ ആണ് ഭുവനേശ്വറിന് പകരം പരിഗണിക്കുന്ന മൂന്ന് പേസര്‍മാരില്‍ ഒരാള്‍. പത്ത് കളികളില്‍ നിന്ന് 15 വിക്കറ്റ് നേടിയ ആവേഷ് ഖാന്റെ ഇക്കോണമി നിരക്ക് 7.55 ആണ്. 
 
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പേസര്‍ മുഹമ്മദ് സിറാജും പരിഗണനയിലുണ്ട്. പത്ത് കളികളില്‍ നിന്ന് ഏഴ് വിക്കറ്റ് നേടിയ സിറാജ് ഡെത്ത് ഓവറുകളില്‍ റണ്‍സ് വിട്ടുകൊടുക്കുന്നത് വളരെ പിശുക്കിയാണ്. 7.08 മാത്രമാണ് ഇക്കോണമി നിരക്ക്. വ്യത്യസ്തമായ വേരിയേഷനുകളില്‍ പന്ത് എറിയാന്‍ കഴിവുള്ള സിറാജിന് നായകന്‍ വിരാട് കോലിയുടെ പിന്തുണയുമുണ്ട്. 
 
ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം ദീപക് ചഹറാണ് മറ്റൊരു താരം. നിലവില്‍ ടി 20 ലോകകപ്പ് ടീമിലെ സ്റ്റാന്‍ഡ്‌ബൈ താരമാണ് ചഹര്‍. ബാറ്റ്‌സ്മാന്‍ എന്ന നിലയിലും ചഹറിന്റെ പ്രകടനം ശ്രദ്ധേയമാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍