അയാളുടെ വിക്കറ്റ് എനിക്ക് വേണം, അതാണ് എന്റെ ലക്ഷ്യം; രണ്ടും കല്‍പ്പിച്ച് സിറാജ്

തിങ്കള്‍, 2 ഓഗസ്റ്റ് 2021 (14:26 IST)
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യ ഒരുങ്ങി കഴിഞ്ഞു. ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാന്‍ രണ്ടും കല്‍പ്പിച്ചാണ് ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം നടത്തുന്നത്. ഇംഗ്ലണ്ട് നിരയില്‍ ഒരു പ്രധാന ബാറ്റ്‌സ്മാന്റെ വിക്കറ്റ് സ്വന്തമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് പറയുന്നു. 
 
ഇംഗ്ലണ്ടിന്റെ പ്രമുഖ ടെസ്റ്റ് ബാറ്റ്‌സ്മാന്‍ ജോ റൂട്ടിന്റെ വിക്കറ്റ് തനിക്ക് വേണമെന്ന് സിറാജ് പറയുന്നു. 'ജോ റൂട്ട് ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ്. ഞാന്‍ ലക്ഷ്യമിടുന്നത് റൂട്ടിന്റെ വിക്കറ്റാണ്. മറ്റ് ബൗളര്‍മാരും റൂട്ടിന്റെ വിക്കറ്റ് തന്നെയായിരിക്കും ആഗ്രഹിക്കുന്നത്. ഇന്ത്യയില്‍ ടെസ്റ്റ് മത്സരം നടന്നപ്പോള്‍ റൂട്ടിനെ ഞാന്‍ വീഴ്ത്തിയിട്ടുണ്ട്. ടീമിനുവേണ്ടി പരമാവധി വിക്കറ്റുകള്‍ വീഴ്ത്തുകയാണ് ഇത്തവണ എന്റെ ലക്ഷ്യം,' സിറാജ് പറഞ്ഞു. 
 
'കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ തോല്‍പ്പിക്കുമെന്ന് തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കപ്പ് ഉയര്‍ത്താന്‍ ഞാന്‍ കാത്തിരിക്കുകയാണ്. ഇന്ത്യന്‍ ടീം വളരെ കരുത്തുറ്റതാണ്. ഈ വമ്പന്‍ പോരാട്ടത്തിനായി ഞങ്ങള്‍ ഒരുങ്ങികഴിഞ്ഞു. ഓസ്‌ട്രേലിയന്‍ പര്യടനം എനിക്ക് വലിയ പരീക്ഷണമായിരുന്നു. എന്നെ ഒരുപാട് പഠിപ്പിച്ചു. രഹാനെയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിക്കുകയെന്നത് വളരെ മികച്ച അനുഭവമായിരുന്നു. അദ്ദേഹം എന്നെ ഒരുപാട് പിന്തുണച്ചു. ഓസ്‌ട്രേലിയന്‍ പര്യടനം ഓര്‍ത്തെടുക്കുമ്പോള്‍ എനിക്ക് ഇപ്പോഴും രോമാഞ്ചം വരും. വിജയികള്‍ക്കുള്ള കിരീടം ഉയര്‍ത്തുകയും ടീമിനൊപ്പം ആഘോഷിക്കുകയും ചെയ്യുന്നത് വളരെ വ്യത്യസ്തമായ അനുഭവമാണ്,' സിറാജ് കൂട്ടിച്ചേര്‍ത്തു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍