സൂര്യകുമാര്‍ യാദവിന് ഏകദിനത്തില്‍ തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കുന്നത് നിര്‍ത്തണമെന്ന് ആരാധകര്‍. ഏകദിനത്തില്‍ സൂര്യ സമ്പൂര്‍ണ പരാജയമാണെന്നും അതിനേക്കാള്‍ കഴിവുള്ളവര്‍ പുറത്ത് നില്‍ക്കുമ്പോള്‍ കൂടുതല്‍ അവസരങ്ങള്‍ സൂര്യക്ക് നല്‍കുന്നത് നീതികേടാണെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു. ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലും സൂര്യ പരാജയപ്പെട്ടതോടെയാണ് ആരാധകര്‍ താരത്തിനെതിരെ തിരിഞ്ഞത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് സൂര്യ ഏകദിനത്തില്‍ പൂജ്യത്തിനു പുറത്താകുന്നത്.
ഏകദിനത്തില്‍ 20 ഇന്നിങ്‌സുകളില്‍ നിന്ന് വെറും 433 റണ്‍സാണ് സൂര്യ ഇതുവരെ നേടിയിരിക്കുന്നത്. ശരാശരി 25.47 മാത്രം. ഉയര്‍ന്ന സ്‌കോര്‍ 64 ! ഏകദിന ഫോര്‍മാറ്റില്‍ ഇതുവരെ നേടിയിരിക്കുന്നത് രണ്ട് അര്‍ധസെഞ്ചുറികള്‍ മാത്രമാണ്. ഏകദിനത്തില്‍ സൂര്യ വമ്പന്‍ ഫ്‌ളോപ്പ് ആണെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ട്വന്റി 20 പ്രകടനത്തിന്റെ നിഴല്‍ പോലും സൂര്യയുടെ ഏകദിന പ്രകടനത്തില്‍ കാണാനില്ലെന്നാണ് ആരാധകരുടെ വിമര്‍ശനം. ട്വന്റി 20 യും ഏകദിനവും രണ്ട് ഫോര്‍മാറ്റുകള്‍ ആണെന്ന് മനസ്സിലാക്കി ബാറ്റ് ചെയ്യാന്‍ സൂര്യക്ക് ഇനിയും സാധിക്കുന്നില്ലെന്നാണ് ഈ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.
ഏകദിനത്തിലേക്ക് എത്തുമ്പോള്‍ സൂര്യ ഒരു ഭാരമാണെന്നാണ് ആരാധകരുടെ വിമര്‍ശനം. സാഹചര്യം മനസ്സിലാക്കി മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ സൂര്യക്ക് സാധിക്കുന്നില്ല. ഇനിയും അവസരങ്ങള്‍ നല്‍കി പരീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ശ്രേയസ് അയ്യര്‍ പരുക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയാല്‍ സൂര്യകുമാറിന് ഏകദിന ടീമില്‍ നിന്ന് സ്ഥാനം നഷ്ടമാകും. സൂര്യയെ ഇനി ഏകദിനത്തിലേക്ക് പരിഗണിക്കാനും സാധ്യത കുറവാണ്.