‘ഇന്ത്യന്‍ ടീമിലെത്തും, കോഹ്‌ലിക്കൊപ്പം കളിക്കുകയെന്നത് വലിയ ആഗ്രഹം’; ശ്രീശാന്ത്
ക്യാപ്‌റ്റന്‍ വിരട് കോഹ്‌ലിയുടെ കീഴില്‍ കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് മലയാളി ക്രിക്കറ്റര്‍ എസ് ശ്രീശാന്ത്. ഇന്ത്യന്‍ ടീമിലേക്ക് മടങ്ങി എത്താന്‍ കഴിയുമെന്നാണ് കരുതുന്നത്. ആറ് മാസം തുടര്‍ച്ചയായി കളിക്കാന്‍ കഴിഞ്ഞാല്‍ ഫോം കണ്ടെത്താന്‍ സാധിക്കും. മികച്ച പ്രകടനം പുറത്തെടുക്കുകയാണ് ലക്ഷ്യമെന്നും ശ്രീശാന്ത് പറഞ്ഞു.
പരിശീലനം നേരത്തെ ആരംഭിച്ചിരുന്നു. വിലക്കിന്‍റെ കാലാവധി അവസാനിക്കാന്‍ ഇനിയും ഒരു വര്‍ഷം കൂടിയുണ്ട്. അടുത്തവര്‍ഷം പൂജ ക്രിക്കറ്റ് ടൂര്‍ണമെന്റ് കളിച്ചുകൊണ്ട് തുടങ്ങണമെന്നാണ് ആഗ്രഹം. കേരള ടീമില്‍ ഒരുപാട് യുവതാരങ്ങള്‍ കളിക്കുന്നുണ്ട്. അവരേക്കാള്‍ മികച്ച പ്രകടനം പുറത്തെടുത്ത് ടീമില്‍ കയറുകയെന്നത് ഒരു വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
ആജീവനാന്ത വിലക്ക് ഏഴ് വര്‍ഷമായി കുറച്ചുകൊണ്ടുള്ള വിധി വന്നതിന് പിന്നാലെയാണ് ശ്രീശാന്ത് പ്രതികരണം നടത്തിയത്. ബിസിസിഐ ഓംബുഡ്‌സ്മാന്‍ ഡികെ ജെയിനാണ് വിലക്ക് സംബന്ധിച്ച് ഉത്തരവിറക്കിയത്. 2013 സെപ്റ്റംബര്‍ 13നാണ് ശ്രീശാന്തിന് വിലക്കേര്‍പ്പെടുത്തിയത്. ആ വര്‍ഷത്തെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ശ്രീശാന്ത് ഒത്തുകളിച്ചെന്ന് ആരോപിച്ചായിരുന്നു വിലക്ക്.