ശാസ്‌ത്രിയെയും ടീമിനെയും രക്ഷിച്ച ശ്രേയസ്; അയ്യരുടെ കളി തുടങ്ങുന്നതേയുള്ളൂ!

തിങ്കള്‍, 19 ഓഗസ്റ്റ് 2019 (17:08 IST)
ശക്തമായ ബോളിംഗ് - ബാറ്റിംഗ് നിരയുണ്ടായിട്ടും കഴിഞ്ഞ രണ്ടു വര്‍ഷമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അലട്ടിയിരുന്ന തലവേദനയായിരുന്നു നാലാം നമ്പരിൽ ആരിറങ്ങുമെന്ന കാര്യം. അമ്പാട്ടി റായുഡു മുതല്‍ ഋഷഭ് പന്തിനെ വരെ പരിഗണിച്ച ബാറ്റിംഗ് പൊസിഷന്‍. വമ്പനടിക്കാരായ ധോണിയും കെ എല്‍ രാഹുലും പോലും നാലാം നമ്പറിലെത്തി. എന്നിട്ടും തലവേദന മാറിയില്ല.

ലോകകപ്പില്‍ ധവാന് പരുക്കേറ്റതോടെ നാലാം നമ്പറില്‍ പന്ത് എത്തി, എന്നാല്‍ അവിടെയും പരാജയം മാത്രം. എന്നാല്‍ ഈ വമ്പന്‍ വീഴ്‌ചകള്‍ രവി ശാസ്‌ത്രി എന്ന പരിശീലകന്റെ കസേരയെ ബലപ്പെടുത്തുകയായിരുന്നു. പുതിയ പരിശീലകനെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖത്തില്‍ തനിക്ക് നേരെ ഉയരുന്ന മൂര്‍ച്ഛയുള്ള ആയുധമായിരിക്കും നാലാം നമ്പര്‍ എന്ന് ശാസ്‌ത്രി തിരിച്ചറിഞ്ഞിരുന്നു.

ആ നീക്കത്തെ മുളയിലെ നുള്ളാന്‍ വെസ്‌റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ടീമിനെ പരിശീലിപ്പിക്കാന്‍ ലഭിച്ച അവസരം മാത്രം മതിയായിരുന്നു അദ്ദേഹത്തിന്. ബാറ്റിംഗ് നിരയുടെ നട്ടെല്ലായ നാലാം നമ്പറില്‍ യുവതാരം ശ്രേയസ് അയ്യര്‍ ഇനി മുതല്‍ ഇറങ്ങുമെന്ന് ശാസ്‌ത്രി തുറന്നു പറഞ്ഞു.

വിൻഡീസിനെതിരായ ഏകദിനത്തില്‍ അഞ്ചാമനായി ക്രീസിലെത്തിയ അയ്യര്‍ മികച്ച പ്രകടനം പുറത്തെടുത്തു. പോർട്ട് ഓഫ് സ്പെയിനിൽ നടന്ന മൂന്നാം ഏകദിനത്തിലെ അയ്യരുടെ പ്രകടനം ഇന്ത്യൻ ജയത്തിൽ നിർണായകമായി. ഇതോടെ ശാസ്‌ത്രിയെ പരിശീലക കൂപ്പായത്തില്‍ രണ്ടാമത് ഒന്നുകൂടി പിടിച്ചിരുത്തിയത് ശ്രേയസ് ആണെന്നതില്‍ തര്‍ക്കമില്ല.

കൂടുതൽ യുവതാരങ്ങൾക്ക് അവസരം നൽകുമെന്നും, നാലാം നമ്പരിൽ ശ്രേയസ് കളിക്കുമെന്നും തുറന്നു പറയാന്‍ ശാസ്‌ത്രിയെ പ്രേരിപ്പിച്ചത് അയ്യരുടെ ഉത്തരവാദിത്വമുള്ള ഇന്നിംഗ്‌സുകളായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍