ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ വിറപ്പിച്ച് നേപ്പാൾ, തോറ്റത് ഒരു റൺസിന്

അഭിറാം മനോഹർ

ശനി, 15 ജൂണ്‍ 2024 (10:09 IST)
Nepal vs SA
ടി20 ലോകകപ്പില്‍ വമ്പന്‍ അട്ടിമറി പ്രതീക്ഷ നല്‍കിയ ശേഷം ദക്ഷിണാഫ്രിക്കയോട് കീഴടങ്ങി നേപ്പാള്‍. ദക്ഷിണാഫ്രിക്ക മുന്നോട്ട് വെച്ച 116 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നേപ്പാളിന്റെ പോരാട്ടം 20 ഓവറില്‍ 114-6 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു. ഒരു റണ്‍സ് വ്യത്യാസത്തില്‍ വിജയിച്ചതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി സൗത്താഫ്രിക്ക സൂപ്പര്‍ എട്ടിലേക്ക് കടന്നു. 4 ഓവറില്‍ 19 റണ്‍സിന് 4 വിക്കറ്റ് വീഴ്ത്തിയ തബ്രിസ് ഷംസിയാണ് നേപ്പാളിന്റെ വിജയപ്രതീക്ഷകള്‍ ഇല്ലാതെയാക്കിയത്.
 
ആദ്യം ബാറ്റിംഗിനിറങ്ങീയ ദക്ഷിണാഫ്രിക്കയ്ക്കായി 49 പന്തില്‍ നിന്നും 43 റണ്‍സുമായി ഓപ്പണര്‍ റീസ് ഹെന്‍ഡ്രിക്‌സ് മാത്രമാണ് തിളങ്ങിയത്. നായകന്‍ എയ്ഡന്‍ മാര്‍ക്രം 22 പന്തില്‍ 15 റണ്‍സും നേടി. അവസാന ഓവറുകളില്‍ 18 പന്തില്‍ നിന്നും പുറത്താകാതെ 27 റണ്‍സെടുത്ത ട്രിസ്റ്റ്യന്‍ സ്റ്റമ്പ്‌സിന്റെ പ്രകടനമാണ് പ്രോട്ടീസ് സ്‌കോര്‍ 100 കടത്തിയത്. നേപ്പാളിനായി കുശാല്‍ ഭൂര്‍ടെല്‍ 4 ഓവറില്‍ 19 റണ്‍സിന് 4 വിക്കറ്റും ദീപേന്ദ്ര സിംഗ് 21 റണ്‍സിന് 3 വിക്കറ്റും നേടി.
 
 മറുപടി ബാറ്റിംഗിനിറങ്ങിയ നേപ്പാള്‍ വിക്കറ്റ് നഷ്ടമില്ലാതെ 32 റണ്‍സെടുത്തു. എന്നാല്‍ എട്ടാം ഓവറില്‍ തന്റെ ആദ്യ ഓവര്‍ എറിയാനെത്തിയ തബ്രീസ് ഷംസി 2 വിക്കറ്റെടുത്ത് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തിരികെയെത്തിച്ചു. ഇതിന് ശേഷവും നേപ്പാള്‍ പോരാട്ടം തുടര്‍ന്നെങ്കിലും 14മത് ഓവറില്‍ മാര്‍ക്രത്തിന്റെ പന്തില്‍ വീണ്ടും ഒരു നേപ്പാള്‍ വിക്കറ്റ് കൂടി വീണൂ. വിജയിക്കാന്‍ 17 റണ്‍സ് വേണമെന്ന നിലയില്‍ 18മത് ഓവറില്‍ ദീപേന്ദ്ര സിംഗിനെയും 49 പന്തില്‍ 42 റണ്‍സുമായി തിളങ്ങിയ ആസിഫിനെയും ഷംസി പുറത്താക്കി. അവസാന പന്തില്‍ വിജയിക്കാന്‍ 2 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ ഗുല്‍സാന്‍ ജാ റണ്ണൗട്ടായതോറ്റെയാണ് നേപ്പാള്‍ തോല്‍വി സമ്മതിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍