പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഒരു വിക്കറ്റ് വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ജയപരാജയ സാധ്യകള്‍ മാറിമറിഞ്ഞപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ വാലറ്റം നടത്തിയ ചെറുത്തുനില്‍പ്പ് ഏറെ പ്രശംസനീയമാണ്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 46.4 ഓവറില്‍ 270 ന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക 47.2 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
ഒരു സമയത്ത് 250/8 എന്ന നിലയില്‍ ദക്ഷിണാഫ്രിക്ക കളി കൈവിട്ടതാണ്. രണ്ട് വിക്കറ്റ് മാത്രം ശേഷിക്കെ ജയിക്കാന്‍ വേണ്ടിയിരുന്നത് 21 റണ്‍സ്. വാലറ്റത്തെ രണ്ട് വിക്കറ്റുകള്‍ കൂടി വേഗം വീഴ്ത്തി വിജയം ഉറപ്പിക്കാമെന്ന് പാക്കിസ്ഥാന്‍ കരുതിയിരുന്നു. പക്ഷേ തോല്‍വി സമ്മതിക്കാന്‍ ദക്ഷിണാഫ്രിക്കയുടെ പതിനൊന്നാമന്‍ ആയി എത്തിയ തബ്‌റൈസ് ഷംസി വരെ തയ്യാറല്ലായിരുന്നു.
കേശവ് മഹാരാജ് നേരിട്ടത് 21 പന്തുകള്‍. ലുങ്കി ന്‍ങ്കിടി 14 പന്തുകളും ജെറാള്‍ഡ് കോട്സീ 13 പന്തുകളും നേരിട്ടു. മൂവരും ചേര്‍ന്ന് 48 പന്തുകള്‍ നേരിട്ടു, സ്‌കോര്‍ ചെയ്തത് 21 റണ്‍സ്. അടിച്ചെടുത്ത റണ്‍സിനേക്കാള്‍ വിലപ്പെട്ട 48 പന്തുകള്‍ ! അതില്‍ അഫ്രീദിയുടെ മൂന്ന് ഓവര്‍ കടന്നുപോയിട്ടുണ്ട്. നിര്‍ണായക സമയത്ത് പുലര്‍ത്തേണ്ട ഉത്തരവാദിത്തം ദക്ഷിണാഫ്രിക്കയുടെ വാലറ്റം കാണിച്ചു. അതിന്റെ ഫലമെന്നോണം നാടകീയത നിറഞ്ഞ മത്സരത്തില്‍ വിജയച്ചിരി ദക്ഷിണാഫ്രിക്കയ്ക്ക് സ്വന്തം.