രാജകീയമായി വരും, എന്നിട്ട് സെമിയിലോ ഫൈനലിലോ വീഴും; ദക്ഷിണാഫ്രിക്കയുടെ കാര്യം കഷ്ടം തന്നെ !

Nelvin Gok

വ്യാഴം, 6 മാര്‍ച്ച് 2025 (10:28 IST)
South Africa - Champions Trophy

സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോടു തോല്‍വി വഴങ്ങി ദക്ഷിണാഫ്രിക്ക ചാംപ്യന്‍സ് ട്രോഫിയില്‍ നിന്ന് പുറത്തായിരിക്കുകയാണ്. ഐസിസി നോക്ക്ഔട്ട് മാച്ചുകളിലെ 'ദുര്‍ഭൂതം' ദക്ഷിണാഫ്രിക്കയെ വിടാതെ പിന്തുടരുന്നു. നിലവിലുള്ള ഐസിസി ട്രോഫികളില്‍ ഒന്ന് പോലും നേടാന്‍ ദക്ഷിണാഫ്രിക്കയ്ക്കു സാധിച്ചിട്ടില്ല. 1998 ലെ ഐസിസി നോക്ക്ഔട്ട് ട്രോഫി (പിന്നീടാണ് ചാംപ്യന്‍സ് ട്രോഫി ആയത്) നേടിയത് മാത്രമാണ് ദക്ഷിണാഫ്രിക്കയുടെ ഏകനേട്ടം. 
 
മിക്ക ഐസിസി ടൂര്‍ണമെന്റുകളിലും മികച്ച തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്കു ലഭിക്കാറുള്ളത്. ഗ്രൂപ്പ് ഘട്ടത്തിലെ കളി കണ്ടാല്‍ ദക്ഷിണാഫ്രിക്ക ഉറപ്പായും ഫൈനല്‍ കളിക്കുമെന്ന് വിമര്‍ശകര്‍ പോലും പറയും. എന്നാല്‍ നോക്ക്ഔട്ടിലേക്ക് എത്തിയാല്‍ ചിലപ്പോള്‍ തങ്ങളേക്കാള്‍ ദുര്‍ബലരായ ടീമിനോടു തോറ്റ് പുറത്താകുന്നതാണ് പതിവ്. ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ 'ചോക്കേഴ്‌സ്' എന്നാണ് ദക്ഷിണാഫ്രിക്കയെ ക്രിക്കറ്റ് പ്രേമികള്‍ പരിഹസിക്കുന്നത്. 
 
2011 ല്‍ ഇന്ത്യയില്‍ വെച്ച് നടന്ന ഏകദിന ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ന്യൂസിലന്‍ഡിനോടു 49 റണ്‍സിനു തോറ്റാണ് ദക്ഷിണാഫ്രിക്ക പുറത്തായത്. അതും ഹഷിം അംല, ഗ്രെയിം സ്മിത്ത്, ജാക്വസ് കാലിസ്, എ.ബി.ഡിവില്ലിയേഴ്‌സ്, ഫാഫ് ഡു പ്ലെസിസ് തുടങ്ങിയ വമ്പന്‍മാര്‍ ഉള്ളപ്പോള്‍ 221 റണ്‍സ് ചേസ് ചെയ്യാന്‍ സാധിക്കാതെ ! ഒരു ഘട്ടത്തില്‍ 130-3 എന്ന നിലയില്‍ ജയം ഉറപ്പിച്ച ശേഷം ദക്ഷിണാഫ്രിക്കയുടെ ശേഷിക്കുന്ന ഏഴ് വിക്കറ്റുകള്‍ 42 റണ്‍സിനിടെ നഷ്ടമാകുകയായിരുന്നു. 2014 ട്വന്റി 20 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയോടു ആറ് വിക്കറ്റിനു തോറ്റാണ് ദക്ഷിണാഫ്രിക്ക പുറത്തായത്. 
 
2015 ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോടു നാല് വിക്കറ്റിനു തോറ്റ് പുറത്താകുമ്പോള്‍ മഴയും വില്ലനായി എത്തി. ഇനി കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ മാത്രം എടുത്താല്‍ ഏകദിന ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി സെമികളിലും ട്വന്റി 20 ലോകകപ്പ് ഫൈനലിലും ദക്ഷിണാഫ്രിക്ക പടിക്കല്‍ കലമുടയ്ക്കുന്നത് ആവര്‍ത്തിച്ചു. 2023 ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയോടു മൂന്ന് വിക്കറ്റിനു തോല്‍വി വഴങ്ങി. 2024 ട്വന്റി 20 ലോകകപ്പില്‍ ആകട്ടെ കിരീടം ഉറപ്പിച്ച കളി അവസാന ഓവറുകളില്‍ കൈവിട്ടു. ഫൈനലില്‍ ഇന്ത്യയുടെ 176 റണ്‍സ് മറികടക്കുകയെന്ന ലക്ഷ്യത്തോടെ ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 169 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 16.1 ഓവറില്‍ 151-5 എന്ന നിലയില്‍ നൂറ് ശതമാനവും കളി തങ്ങളുടെ വരുതിയിലേക്ക് കൊണ്ടുവന്ന ശേഷമാണ് ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ 'ചോക്കേഴ്‌സ്' തങ്ങളാണെന്നു ആവര്‍ത്തിച്ചത്. ഇപ്പോള്‍ ഇതാ ചാംപ്യന്‍സ് ട്രോഫി സെമിയില്‍ ന്യൂസിലന്‍ഡിനോടുള്ള തോല്‍വിയും !

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍