Pakistan, Champions Trophy: കോടികള്‍ മുടക്കി സ്റ്റേഡിയം നവീകരിച്ചു, അവസാനം ചാംപ്യന്‍സ് ട്രോഫി ദുബായിലേക്ക്; പാക്കിസ്ഥാന്റേത് വല്ലാത്തൊരു ഗതികേട് !

രേണുക വേണു

വ്യാഴം, 6 മാര്‍ച്ച് 2025 (09:45 IST)
Pakistan, Champions Trophy: പാക്കിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന ചാംപ്യന്‍സ് ട്രോഫിയുടെ ഫൈനല്‍ നടക്കുക ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍. ഇന്ത്യ ഫൈനലില്‍ എത്തിയതോടെയാണ് ചാംപ്യന്‍സ് ട്രോഫിയുടെ കലാശക്കൊട്ട് ആതിഥേയ രാജ്യത്തില്‍ നിന്ന് മാറ്റപ്പെട്ടത്. ഞായറാഴ്ചയാണ് ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് ഫൈനല്‍. 
 
കറാച്ചി നാഷണല്‍ സ്റ്റേഡിയം, ലാഹോര്‍ ഗദ്ദാഫി സ്റ്റേഡിയം, റാവല്‍പ്പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് ആതിഥേയരായ പാക്കിസ്ഥാന്‍ ചാംപ്യന്‍സ് ട്രോഫി മത്സരങ്ങള്‍ നടത്തിയത്. എന്നാല്‍ ഇന്ത്യ ഫൈനലില്‍ എത്തിയതോടെ ആതിഥേയരുടെ ഗ്രൗണ്ടുകള്‍ അനാഥമായി. ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങളും സെമി ഫൈനലും ദുബായില്‍ ആണ് നടന്നത്. 
 
ആതിഥേയ രാജ്യമായ പാക്കിസ്ഥാനില്‍ നിന്ന് ചാംപ്യന്‍സ് ട്രോഫിയും കൊണ്ട് ദുബായിലേക്ക് പറക്കേണ്ട അവസ്ഥയാണ് ഐസിസിക്ക്. ചാംപ്യന്‍സ് ട്രോഫിക്കായി കോടികള്‍ മുടക്കി 117 ദിവസത്തെ നവീകരണ പ്രവര്‍ത്തനങ്ങളാണ് ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്നത്. എല്‍ഇഡി ഫ്‌ളഡ് ലൈറ്റ്‌സ്, വലിയ സ്‌കോര്‍ സ്‌ക്രീനുകള്‍, പുതിയ ഇരിപ്പിടങ്ങള്‍ എന്നിവയെല്ലാം ഗദ്ദാഫി സ്റ്റേഡിയത്തില്‍ സ്ഥാപിച്ചിരുന്നു. ഇന്ത്യ അല്ലാതെ മറ്റ് ഏതെങ്കിലും ടീമാണ് ഫൈനലില്‍ എത്തിയതെങ്കില്‍ ചാംപ്യന്‍സ് ട്രോഫിയുടെ ക്ലൈമാക്‌സിനു വേദിയാകേണ്ടിയിരുന്നത് ഗദ്ദാഫി സ്റ്റേഡിയമാണ്. വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ഐസിസി ടൂര്‍ണമെന്റിനു ആതിഥേയത്വം വഹിക്കാന്‍ അവസരം ലഭിച്ചിട്ട് അത് ഇങ്ങനെ ആയിപ്പോയല്ലോ എന്നാണ് പാക്കിസ്ഥാനെ പരിഹസിച്ച് ക്രിക്കറ്റ് ആരാധകര്‍ പറയുന്നത്. അതും പോരാഞ്ഞിട്ട് പാക്കിസ്ഥാനില്‍ നടക്കേണ്ടിയിരുന്ന മൂന്ന് മത്സരങ്ങള്‍ മഴ മൂലം ഉപേക്ഷിച്ചു. ടൂര്‍ണമെന്റിലെ എട്ട് മത്സരങ്ങള്‍ മാത്രമാണ് ആതിഥേയ രാജ്യമായ പാക്കിസ്ഥാനില്‍ നടന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍