ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുമെന്ന് ഉറപ്പ്. ഏകദിനത്തില്‍ ശ്രേയസ് സ്ഥിരതയാര്‍ന്ന പ്രകടനമാണ് സമീപകാലത്ത് നടത്തിയിരിക്കുന്നത്. ഇതാണ് താരത്തിനു മേല്‍ക്കൈ നല്‍കുന്നത്. 2017 ല്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചതിനു ശേഷം 31 ഇന്നിങ്സുകളില്‍ നിന്നായി 49.25 ശരാശരിയില്‍ 98.85 സ്ട്രൈക് റേറ്റോടെ 1,379 റണ്‍സാണ് ശ്രേയസ് അയ്യര്‍ നേടിയിരിക്കുന്നത്.
2022 കലണ്ടര്‍ വര്‍ഷത്തില്‍ 11 ഇന്നിങ്സുകളില്‍ നിന്ന് 63 ശരാശരിയോടെ 566 റണ്‍സാണ് ശ്രേയസ് നേടിയിരിക്കുന്നത്. ഇന്ത്യന്‍ താരങ്ങളില്‍ ഏകദിന ഫോര്‍മാറ്റിലെ മികച്ച വ്യക്തിഗത കണക്കാണിത്. വെസ്റ്റ് ഇന്‍ഡീസിനെതിരെയും മികച്ച പേസ് ആക്രമണ നിരയുള്ള ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ശ്രേയസ് നടത്തിയ പ്രകടനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഈ വര്‍ഷം ലോകകപ്പ് നടക്കാനിരിക്കുന്ന ഇന്ത്യയിലാണ്. സ്പിന്‍ പിച്ചുകളാണ് ഇന്ത്യയിലേത്. അതുകൊണ്ട് തന്നെ സ്പിന്നിനെ മികച്ച രീതിയില്‍ കളിക്കാന്‍ കെല്‍പ്പുള്ള ശ്രേയസ് അയ്യര്‍ ടീമിലുണ്ടാകുമെന്ന് ഉറപ്പാണ്. മധ്യനിരയില്‍ സ്പിന്നിനെ നന്നായി കളിക്കുന്ന ഒരു താരം വേണമെന്ന് സെലക്ടര്‍മാര്‍ക്ക് നിര്‍ബന്ധമുണ്ട്. ഇതും ശ്രേയസിന് അനുകൂലമായ അവസ്ഥയുണ്ടാക്കുന്നു.