കോലിയുടെ മൂന്നാം നമ്പര്‍ ഞാന്‍ പിടിച്ചുവാങ്ങാനോ? ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ തയ്യാറെന്ന് ശ്രേയസ് അയ്യര്‍

തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2023 (08:55 IST)
ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലെ തകര്‍പ്പന്‍ സെഞ്ചുറിയിലൂടെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കിയിരിക്കുകയാണ് ശ്രേയസ് അയ്യര്‍. പരുക്കിനെ തുടര്‍ന്ന് നിരവധി മത്സരങ്ങള്‍ നഷ്ടമായ ശ്രേയസ് ഫോമിലേക്ക് തിരിച്ചെത്തേണ്ടത് ഇന്ത്യയുടെ കൂടി ആവശ്യമായിരുന്നു. ഇന്ത്യന്‍ പിച്ചുകളില്‍ മികച്ച രീതിയില്‍ കളിക്കാന്‍ കഴിവുള്ള ശ്രേയസ് ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുച്ചീട്ടാണ്. ഓസീസിനെതിരായ രണ്ടാം ഏകദിനത്തില്‍ 90 പന്തില്‍ നിന്ന് 105 റണ്‍സാണ് ശ്രേയസ് അടിച്ചുകൂട്ടിയത്. 
 
വിരാട് കോലിയുടെ അഭാവത്തില്‍ മൂന്നാം നമ്പറിലാണ് ശ്രേയസ് അയ്യര്‍ ബാറ്റ് ചെയ്യാനെത്തിയത്. മൂന്നാം ഏകദിനത്തില്‍ കോലി തിരിച്ചെത്തുമ്പോള്‍ ശ്രേയസിന് നിലവിലെ സ്ഥാനം നഷ്ടപ്പെടും. വിരാട് കോലിയില്‍ നിന്ന് മൂന്നാം നമ്പര്‍ പിടിച്ചുവാങ്ങുന്നതിനെ കുറിച്ച് താന്‍ ആലോചിക്കുക പോലും ചെയ്തിട്ടില്ലെന്നാണ് ശ്രേയസ് പറയുന്നത്. 
 
' ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. ടീം ആവശ്യപ്പെടുന്നത് എന്തും ഞാന്‍ ചെയ്യും. വിരാട് വളരെ മികച്ച കളിക്കാരില്‍ ഒരാളാണ്. അദ്ദേഹത്തില്‍ നിന്ന് മൂന്നാം നമ്പര്‍ പിടിച്ചുവാങ്ങുന്ന ഒരു സാധ്യതയും നിലവില്‍ ഇല്ല. ഏത് നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയാലും ടീമിനായി റണ്‍സ് നേടുകയാണ് എന്റെ ലക്ഷ്യം,' ശ്രേയസ് അയ്യര്‍ പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍