'എങ്ങനെയെങ്കിലും സച്ചിനെ പരുക്കേല്‍പ്പിക്കാന്‍ നോക്കി, തുടര്‍ച്ചയായി ബോളുകള്‍ ഹെല്‍മറ്റിലേക്ക്'; അക്തര്‍ പറയുന്നു

ഞായര്‍, 5 ജൂണ്‍ 2022 (12:44 IST)
ലോകം കണ്ട ഏറ്റവും മികച്ച ബാറ്ററാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. സച്ചിനും പാക്കിസ്ഥാന്‍ പേസ് ബൗളറായിരുന്ന ഷോയ്ബ് അക്തറും കളിക്കളത്തില്‍ ചിരവൈരികളായിരുന്നു. സച്ചിന്റെ വിക്കറ്റ് വീഴ്ത്തുകയായിരുന്നു എപ്പോഴും അക്തറിന്റെ ലക്ഷ്യം. പന്ത് കൊണ്ട് സച്ചിനെ പരുക്കേല്‍പ്പിക്കാന്‍ താന്‍ ശ്രമിച്ചിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് അക്തര്‍ ഇപ്പോള്‍. സച്ചിന് പരുക്കേല്‍ക്കാന്‍ താന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നാണ് അക്തറിന്റെ വെളിപ്പെടുത്തല്‍. 
 
2006 ല്‍ ഇന്ത്യയുടെ പാക്കിസ്ഥാന്‍ പര്യടനം നടക്കുന്ന സമയം. ഇന്‍സമാം ഉള്‍ ഹഖ് ആയിരുന്നു പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍. പരമ്പരയിലെ മൂന്നാം ടെസ്റ്റ് മത്സരം നടക്കുകയാണ്. ആ കളിയില്‍ സച്ചിനെ പുറത്താക്കാന്‍ ആയിരുന്നില്ല മറിച്ച് എങ്ങനെയെങ്കിലും സച്ചിനെ പരുക്കേല്‍പ്പിക്കാനായിരുന്നു താന്‍ ലക്ഷ്യമിട്ടിരുന്നതെന്ന് അക്തര്‍ പറയുന്നു. സ്‌പോര്‍ട്‌സ്‌കീഡയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
' ഈ രഹസ്യം ഞാന്‍ ആദ്യമായാണ് വെളിപ്പെടുത്തുന്നത്. ഞാന്‍ സച്ചിനെ പരുക്കേല്‍പ്പിക്കാന്‍ മനപ്പൂര്‍വ്വം ശ്രമിച്ചിട്ടുണ്ട്. എന്ത് വില കൊടുത്തും ആ ടെസ്റ്റ് മത്സരത്തില്‍ സച്ചിനെ പരുക്കേല്‍പ്പിക്കണമെന്ന് ഞാന്‍ മനസ്സില്‍ വിചാരിച്ചു. വിക്കറ്റിനു മുന്നില്‍ പന്തെറിയാനാണ് ഇന്‍സമാം എന്നോട് നിരന്തരം ആവശ്യപ്പെട്ടിരുന്നത്. പക്ഷേ, സച്ചിനെ മുറിവേല്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് ഹെല്‍മറ്റിലേക്ക് ഞാന്‍ പന്തെറിഞ്ഞു. ഞാന്‍ കരുതി ആ പന്ത് കൊണ്ട് സച്ചിന് പരുക്കേറ്റു കാണുമെന്ന്. പക്ഷേ പിന്നീട് വീഡിയോ കണ്ടപ്പോള്‍ എനിക്ക് മനസ്സിലായി ആ പന്തില്‍ നിന്നെല്ലാം സച്ചിന്‍ തന്റെ തല കൃത്യമായി രക്ഷപ്പെടുത്തി,' അക്തര്‍ പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍