ട്വന്റി-20 ലോകകപ്പില്‍ സംഭവിച്ചത് മറക്കാന്‍ സാധിക്കുന്നില്ല; നടന്നത് എന്താണെന്ന് ഇപ്പോഴും മനസിലാകുന്നില്ല- വേദനയോടെ ഷാക്കിബ് പറയുന്നു
ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ പരാജയം രുചിച്ചത് ഇപ്പോഴും മറക്കാന്‍ സാധിക്കുന്നില്ലെന്ന് ബംഗ്ലാദേശ് ഓള്‍റൌണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍. ജയിക്കാമായിരുന്ന മത്സരം കൈവിട്ട് പോയതിന്റെ വേദന ഇന്നുമുണ്ട്. എത്ര മറക്കാന്‍ ശ്രമിച്ചാലും അന്നുണ്ടായ വേദന ഇല്ലാതാക്കാന്‍ കഴിയില്ലെന്നും ഷക്കിബ് പറഞ്ഞു.
നിര്‍ണായകമായ ആ മത്സരത്തില്‍ എന്താണ് സംഭവിച്ചതെന്ന് ഇന്നും മനസിലാകുന്നില്ല. അതിനാല്‍ തന്നെ സംഭവിച്ചതിനെ കുറിച്ച് വിശദീകരിക്കുക പ്രയാസമാണ്. ചെറിയ ടോട്ടല്‍ ആണെങ്കിലും പിന്തുടരുക ബുദ്ധിമുട്ടുള്ള കാര്യമാണ്. സമ്മര്‍ദ്ദത്തില്‍ അടിമപ്പെട്ട് പോകുന്ന സമയമാണ് ചേസിംഗ്. അന്ന് ഞങ്ങള്‍ നന്നായി ചേസ് ചെയ്‌തെങ്കിലും ഭംഗിയായി അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നും ഷക്കിബ് പറഞ്ഞു.
പ്രമുഖ ക്രിക്കറ്റ് പോര്‍ട്ടറായ ക്രിക്ക് ബസിനോട് സംസാരിക്കുകയായിരുന്നു ഷക്കിബ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമാണ് അദ്ദേഹം. കൊല്‍ക്കത്തക്ക് വേണ്ടി ഐപിഎല്‍ കളിക്കുന്നത് മറക്കാനാകാത്ത അനുഭവമാണെന്നും ടീം അധികൃതര്‍ വലിയ പിന്തുണയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.