"വിരേന്ദർ സെവാഗും ആദ്യ ബോളിലെ ഫോറും" ക്രിക്കറ്റിലെ മാറ്റമില്ലാത്ത കാഴ്‌ചകൾ

ശനി, 6 മാര്‍ച്ച് 2021 (08:25 IST)
പ്രായം തന്റെ പ്രകടനത്തെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് തെളിയിച്ച് ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ വിരേന്ദർ സെവാഗ്. വെറ്ററന്‍ താരങ്ങള്‍ മാറ്റുരയ്ക്കുന്ന റോഡ് സേഫ്റ്റി ലോക സീരീസ് ചാംപ്യന്‍ഷിപ്പിന്റെ അഞ്ചാമത്തെ മല്‍സരത്തിലായിരുന്നു സെവാഗിന്റെ പ്രതാപകാലത്തെ ഓർമിപ്പിച്ചുകൊണ്ടുള്ള വെടിക്കെട്ട് ബാറ്റിങ് പ്രകടനം.
 
മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ രണ്ട് ബോൾ ബാക്കി നിൽക്കെ ഇന്ത്യ 109 റൺസിന് എറിഞ്ഞിടുകയായിരുന്നു. മറുപടി ബറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് യാതൊരു വെല്ലിവിളി ഉയർത്താനും ബംഗ്ലാ ബോളിങ് നിരയ്‌ക്കായില്ല.പതിവ് പോലെ ആദ്യ പന്തിൽ ബൗണ്ടറിയിലൂടെ സ്കോർ ബോർഡ് ചലിപ്പിച്ച സെവാഗ് സിക്‌സറിലൂടെ ഇന്ത്യന്‍ വിജയവും പൂര്‍ത്തിയാക്കുകയായിരുന്നു. മത്സരത്തിലെ ആദ്യ ഓവറിൽ നിന്ന് മാത്രം 19 റൺസാണ് സെവാഗ് വാരിക്കൂട്ടിയത്.
 
വെറും 35 ബോളില്‍ 10 ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കം 80 റണ്‍സാണ് സെവാഗ് വാരിക്കൂട്ടിയത്. 20 ബോളുകളില്‍ നിന്നായിരുന്നു അദ്ദേഹം ഫിഫ്റ്റി പൂർത്തിയാക്കിയത്. ഇതിഹാസതാരമായ സച്ചിൻ 26 ബോളില്‍ നിന്നും അഞ്ചു ബൗണ്ടറികളോടെ 33 റണ്‍സുമായി സച്ചിന്‍ വീരുവിനു മികച്ച പിന്തുണയേകി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍