ഏകദിന ഫോര്‍മാറ്റില്‍ തുടരെ പരാജയപ്പെടുന്ന സൂര്യകുമാര്‍ യാദവിന് അവസരം നല്‍കിയാണ് അതേ ഫോര്‍മാറ്റില്‍ മികവ് പുലര്‍ത്തിയിട്ടും സഞ്ജു സാംസണ് പുറത്തിരിക്കേണ്ടി വരുന്നത്. പല തവണയായി ഇന്ത്യന്‍ സെലക്ടര്‍മാര്‍ ഈ വിവേചനം കാണിക്കുന്നു. സഞ്ജുവിന്റെ പ്രതിഭയെ മുഖവിലയ്‌ക്കെടുക്കാന്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ തയ്യാറാകുന്നില്ല. മാത്രമല്ല അര്‍ഹതയില്ലാത്തവര്‍ക്ക് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
അവസാന ആറ് ഏകദിന ഇന്നിങ്‌സുകളില്‍ നിന്നായി വെറും 64 റണ്‍സാണ് സൂര്യ നേടിയിരിക്കുന്നത്. അതില്‍ മൂന്ന് തുടര്‍ച്ചയായ ഡക്കുകളും ഉണ്ട്. അതേസമയം സഞ്ജുവിന്റെ അവസാന ആറ് ഇന്നിങ്‌സുകള്‍ ഇങ്ങനെയാണ് 36, രണ്ട് (നോട്ട് ഔട്ട്), 30 (നോട്ട് ഔട്ട്), 86 (നോട്ട് ഔട്ട്), 15, 43 (നോട്ട് ഔട്ട്). അതായത് ആറ് ഇന്നിങ്‌സുകളില്‍ നിന്ന് 212 റണ്‍സ് നേടാന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. അതില്‍ നാല് കളികള്‍ നോട്ട് ഔട്ടാണ്.
മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടും സഞ്ജു പുറത്തും ഏകദിനത്തില്‍ നിരാശപ്പെടുത്തി കൊണ്ടിരിക്കുന്ന സൂര്യകുമാര്‍ അകത്തും ! ഇന്ത്യക്ക് വേണ്ടി 11 ഏകദിനങ്ങളാണ് സഞ്ജു കളിച്ചിട്ടുള്ളത്. 66 ശരാശരിയില്‍ 330 റണ്‍സും നേടിയിട്ടുണ്ട്. 104.76 സ്ട്രൈക്ക് റേറ്റോടെ രണ്ട് അര്‍ധ സെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്. സമീപകാലത്ത് ഏറ്റവും മികച്ച രീതിയില്‍ ഇന്ത്യക്ക് വേണ്ടി ഏകദിനം കളിച്ചിട്ടുള്ള താരമാണ് സഞ്ജുവെന്ന് കണക്കുകളില്‍ നിന്ന് വ്യക്തമാണ്. അതേസമയം സൂര്യകുമാര്‍ യാദവിന്റെ പ്രകടനങ്ങളിലേക്ക് വന്നാല്‍ അത് ഇഷാന്‍ കിഷനേക്കാള്‍ മോശമാണ്. 24 ഏകദിനങ്ങളില്‍ നിന്ന് വെറും 23.79 ശരാശരിയില്‍ 452 റണ്‍സാണ് സൂര്യ നേടിയിരിക്കുന്നത്. സ്ട്രൈക്ക് റേറ്റ് 100.67 മാത്രം.