ഓസ്‌ട്രേലിയക്കെതിരെ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് ഈ മാസം 22ന് തുടക്കമാവുമ്പോള്‍ പരമ്പരയെ പറ്റി ആശങ്കയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍. ന്യൂസിലന്‍ഡിനോട് നാട്ടിലേറ്റ അപമാനത്തിന് ശേഷമുള്ള പരമ്പര എന്നതിനാല്‍ തന്നെ മാനസികമായി തകര്‍ന്ന നിലയിലാണ് ഇന്ത്യന്‍ ടീമംഗങ്ങള്‍. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും നിറം മങ്ങിയ സാഹചര്യത്തില്‍ ഓസ്‌ട്രേലിയന്‍ പേസ് ആക്രമണത്തെ ചെറുക്കുക എന്നത് ഇന്ത്യയ്ക്ക് എളുപ്പമാവില്ല.
അതിനാല്‍ തന്നെ ഇത്തവണത്തെ ഓസ്‌ട്രേലിയയുടെ ഗെയിം പ്ലാന്‍ മൊത്തം ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ തകര്‍ക്കുക എന്നത് മാത്രമാകും എന്ന് വ്യക്തമാക്കുകയാണ് മുന്‍ ന്യൂസിലന്‍ഡ് താരമായ സൈമണ്‍ ഡൂള്‍. ലോകത്തിലെ തന്നെ ഏറ്റവും മികച്ച പേസ് ട്രാക്കുകളിലാകും ഗാബയിലെയും അഡലെയ്ഡിലെയുമെല്ലാം മത്സരങ്ങള്‍. മുഹമ്മദ് ഷമി ടീമിലില്ലാത്തതിനാല്‍ തന്നെ ഈ മത്സരങ്ങളിലെല്ലാം തന്നെ ഇന്ത്യയ്ക്ക് ബുമ്രയെ അമിതമായി ആശ്രയിക്കേണ്ടി വരുമെന്ന് ഉറപ്പാണ്. അതിനാല്‍ തന്നെ ബുമ്രയെ തകര്‍ക്കുക എന്നത് മാത്രമാകും ഇത്തവണ ഓസ്‌ട്രേലിയയുടെ ഗെയിം പ്ലാനെന്നാണ് സൈമണ്‍ ഡൂള്‍ പറയുന്നത്.
പെര്‍ത്തില്‍ നടക്കുന്ന ആദ്യ ടെസ്റ്റ് മാച്ചിലും അഡലെയ്ഡില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിലുമായി ബുമ്രയെ മാനസികമായി തകര്‍ക്കാന്‍ തന്നെയാകും ഓസ്‌ട്രേലിയ ലക്ഷ്യമിടുന്നത്. മുഹമ്മദ് സിറാജും ബൗളിംഗ് നിരയില്‍ നിറം മങ്ങിയതിനാല്‍ ഇന്ത്യന്‍ ബൗളിംഗ് അറ്റാക്ക് മൊത്തമായി ബുമ്രയ്ക്ക് ചുമലിലേറ്റേണ്ടതായി വരും. ഇത് ഓസീസ് മുതലെടുക്കുമെന്നാണ് സൈമണ്‍ ഡൂള്‍ പറയുന്നത്. അതേസമയം 5 മത്സരങ്ങളടങ്ങിയ പരമ്പരയിലെ 4 മത്സരങ്ങളില്‍ വിജയിച്ചെങ്കില്‍ മാത്രമെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് യോഗ്യത നേടാനാവു. നിലവിലെ സാഹചര്യത്തില്‍ ഇത് അസാധ്യമെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.