കം ബാക്ക് ഗംഭീർ എന്ന് പറഞ്ഞ് വിളിപ്പിച്ചു, ബോർഡർ ഗവാസ്കർ പരമ്പര എട്ടുനിലയിൽ പൊട്ടിയാൽ ഗോ ബാക്ക് ഗംഭീറാകും!

അഭിറാം മനോഹർ

തിങ്കള്‍, 4 നവം‌ബര്‍ 2024 (18:43 IST)
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര 3-0ന് കൈവിട്ടതോടെ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിന് നേരെ വിമര്‍ശനങ്ങള്‍ ഏറുന്നു. കഴിഞ്ഞ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ചാമ്പ്യന്മാരാക്കിയതിന് പിന്നാലെ വലിയ പ്രതീക്ഷകളോടെയാണ് ഗംഭീറിനെ ബിസിസിഐ ഇന്ത്യന്‍ ടീമിന്റെ ചുമതലയേല്‍പ്പിച്ചത്. തനിക്ക് ഇഷ്ടപ്പെട്ട സപ്പോര്‍ട്ടിംഗ് സ്റ്റാഫിനെ വേണമെന്നും സെലക്ഷന്‍ നടപടികളില്‍ ഇടപെടാന്‍ അനുവദിക്കണമെന്നുമുള്ള ഗംഭീറിന്റെ ആവശ്യങ്ങളെല്ലാം തന്നെ ബിസിസിഐ അംഗീകരിച്ചിരുന്നു.
 
 ശ്രീലങ്കക്കെതിരെ ഏകദിന പരമ്പര കൈവിട്ടതെങ്കിലും ടി20 ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് ഗംഭീറിന്റെ കീഴില്‍ യുവതാരങ്ങള്‍ നടത്തിയത്. അതേസമയം ടെസ്റ്റ് ക്രിക്കറ്റില്‍ ഹോം സീരീസിലെ എല്ലാ മത്സരങ്ങളും പരാജയപ്പെട്ട് ചരിത്രത്തിലെ ഏറ്റവും മോശം തോല്‍വിയും ഇന്ത്യ വഴങ്ങി. ടി20 ശൈലിയാണ് ഗംഭീര്‍ ടെസ്റ്റിലും പിന്തുടരുന്നതെന്നും സെലക്ഷനില്‍ അടക്കം കോച്ച് ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്നും ഗംഭീറിന്റെ വിമര്‍ശകര്‍ പറയുന്നു.
 
 നിലവില്‍ വലിയ വിമര്‍ശനമാണ് ഗംഭീറിനെ ടെസ്റ്റ് കോച്ചിംഗ് ഏല്‍പ്പിച്ചതിനെതിരെ ഉയരുന്നത്. ഇതോടെ അടുത്ത ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ ഇന്ത്യയുടെ പ്രകടനം ഗംഭീറിനും നിര്‍ണായകമായിരിക്കുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ യോഗ്യത നേടാനുള്ള ഇന്ത്യയുടെ സാധ്യതകള്‍ ഏതാണ്ട് അവസാനിച്ചെങ്കിലും ഓസീസില്‍ ശക്തമായ പോരാട്ടം കാഴ്ചവെയ്ക്കാനായാല്‍ പരിശീലകനെന്ന നിലയില്‍ ഗംഭീറിന് പിടിച്ച് നില്‍ക്കാനാകും. അതേസമയം ഓസീസിലും അപമാനമേറ്റ് വാങ്ങാന്‍ ഇടവന്നാല്‍ ഗംഭീറിനെതിരെ പ്രതിഷേധം കനക്കുമെന്ന് ഉറപ്പാണ്. അത്തരമൊരു സാഹചര്യമുണ്ടായാല്‍ ടെസ്റ്റ് പരിശീലക സ്ഥാനത്ത് നിന്ന് ബിസിസിഐയ്ക്ക് ഗംഭീറിനെ പുറത്താക്കേണ്ടതായും വന്നേക്കാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍