കണക്കുകളില്‍ പന്ത് ദുരന്തം, കേമന്‍ സഞ്ജു തന്നെ; എന്നിട്ടും തുടര്‍ച്ചയായി അവഗണന, 2023 ല്‍ തലവര തെളിയുമോ?

Webdunia
ചൊവ്വ, 27 ഡിസം‌ബര്‍ 2022 (08:42 IST)
ഏകദിനത്തില്‍ മികച്ച കണക്കുകള്‍ സ്വന്തമായി ഉണ്ടായിട്ടും സഞ്ജു സാംസണെ മൈന്‍ഡ് ചെയ്യാതെ സെലക്ടര്‍മാര്‍. തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കുന്ന റിഷഭ് പന്തിനേക്കാള്‍ കണക്കുകളില്‍ മികവ് പുലര്‍ത്താന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ അവസരങ്ങളുടെ കാര്യത്തില്‍ സഞ്ജു പന്തിനേക്കാള്‍ പിന്നിലാണ്. 
 
ഏകദിനത്തില്‍ റിഷഭ് പന്ത് ഇന്ത്യക്ക് വേണ്ടി 30 മത്സരങ്ങള്‍ കളിച്ചു. നേടിയിരിക്കുന്നത് 34.60 ശരാശരിയില്‍ 865 റണ്‍സ്. 106.65 ആണ് സ്ട്രൈക്ക് റേറ്റ്. ട്വന്റി 20 യേക്കാള്‍ മികച്ച സ്റ്റാറ്റിസ്റ്റിക്സാണ് പന്തിന് ഏകദിനത്തിനുള്ളത്. 2021 മുതലുള്ള കണക്ക് എടുത്താല്‍ 14 ഏകദിനങ്ങളില്‍ നിന്നായി 44.63 ശരാശരിയില്‍ പന്ത് 491 റണ്‍സ് നേടിയിട്ടുണ്ട്. 
 
സഞ്ജുവിന്റെ കണക്കുകളിലേക്ക് വന്നാല്‍ ഇതുവരെ അവസരം ലഭിച്ചിരിക്കുന്നത് വെറും 11 ഏകദിനങ്ങളില്‍ മാത്രം. 66 ശരാശരിയില്‍ 330 റണ്‍സ് താരം നേടിയിട്ടുണ്ട്. 104.76 ആണ് സ്ട്രൈക്ക് റേറ്റ്. 43 നോട്ട് ഔട്ട്, 15, 86 നോട്ട് ഔട്ട്, രണ്ട് നോട്ട് ഔട്ട്, 36 എന്നിങ്ങനെയാണ് അവസാന ആറ് ഇന്നിങ്സുകളിലെ സഞ്ജുവിന്റെ വ്യക്തിഗത സ്‌കോര്‍. മറ്റ് പല താരങ്ങളേക്കാളും മികവ് പുലര്‍ത്തിയിട്ടും സഞ്ജുവിന് സെലക്ടര്‍മാര്‍ അവസരങ്ങള്‍ നല്‍കാത്തത് ആരാധകരെ ചൊടിപ്പിക്കുന്നുണ്ട്. 
 
ട്വന്റി 20 യില്‍ 16 കളികളിലാണ് സഞ്ജുവിന് അവസരം ലഭിച്ചിരിക്കുന്നത്. 135.16 സ്‌ട്രൈക് റേറ്റില്‍ 296 റണ്‍സ് സഞ്ജു അടിച്ചുകൂട്ടിയിട്ടുണ്ട്. 77 ആണ് ടോപ് സ്‌കോര്‍. റിഷഭ് പന്തിന് 66 മത്സരങ്ങളില്‍ അവസരം ലഭിച്ചിട്ടുണ്ട്. 126.54 സ്‌ട്രൈക് റേറ്റില്‍ നേടിയിരിക്കുന്നത് 987 റണ്‍സ്. അതായത് റിഷഭ് പന്തിനേക്കാള്‍ പ്രഹരശേഷി ഉണ്ടായിട്ടും സഞ്ജുവിന് പന്തിന്റെ പകുതി പോലും അവസരം ലഭിച്ചിട്ടില്ല. മധ്യനിരയില്‍ തന്നെ വിശ്വസിക്കാമെന്ന് ലഭിച്ച അവസരങ്ങളിലെല്ലാം സഞ്ജു തെളിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും തുടര്‍ച്ചയായി അവഗണന നേരിടുകയാണ് മലയാളി താരം. 2023 ല്‍ എങ്കിലും ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article