ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ഇന്ത്യൻ ഏകദിന ടീമിൽ അഴിച്ചുപണിക്ക് സാധ്യത, സഞ്ജു ടീമിൽ തിരിച്ചെത്തിയേക്കും

അഭിറാം മനോഹർ

തിങ്കള്‍, 12 ഓഗസ്റ്റ് 2024 (09:45 IST)
ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനത്തിന്റെ സാഹചര്യത്തില്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്‍പായി ഇന്ത്യന്‍ ഏകദിന ടീമില്‍ അഴിച്ചുപണിക്ക് സാധ്യത. പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ലെങ്കിലും ചാമ്പ്യന്‍സ് ട്രോഫി ലക്ഷ്യമിട്ടാണ് ഇന്ത്യ പദ്ധതികള്‍ തയ്യാറാക്കുന്നത്.
 
 ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഒന്നടങ്കം പരാജയമായ സാഹചര്യത്തില്‍ ടീമിനുള്ളില്‍ അഴിച്ചുപണിയുണ്ടാകുമെന്ന സൂചനയാണ് പരിശീലകനായ ഗൗതം ഗംഭീര്‍ നല്‍കുന്നത്. ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്‍പായി 2025 ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരെ 3 മത്സരങ്ങളുടെ ഏകദിന പരമ്പര മാത്രമാണ് ഇന്ത്യ കളിക്കുന്നത്. ഈ പരമ്പരയിലെ പ്രകടനം വിലയിരുത്തിയാകും ചാമ്പ്യന്‍സ് ട്രോഫി ടീമിനെ തിരെഞ്ഞെടുക്കുക. രോഹിത് ശര്‍മ, വിരാട് കോലി,ജസ്പ്രീത് ബുമ്ര എന്നീ താരങ്ങള്‍ മാത്രമെ നിലവില്‍ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ സ്ഥാനം ഉറപ്പിച്ചവരായുള്ളു. അതിനാല്‍ തന്നെ ഇംഗ്ലണ്ട് പരമ്പരയില്‍ മികച്ച പ്രകടനങ്ങള്‍ പ്രകടിപ്പിച്ചാല്‍ മാത്രമെ മറ്റ് താരങ്ങള്‍ക്ക് ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഇടം നേടാനാകു.
 
 വൈസ് ക്യാപ്റ്റനെന്ന നിലയില്‍ ശുഭ്മാന്‍ ഗില്‍ ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കും. കെ എല്‍ രാഹുല്‍ കഴിഞ്ഞ പരമ്പരയില്‍ നിരാശപ്പെടുത്തിയതോടെ മധ്യനിരയില്‍ സഞ്ജു സാംസണ് അവസരം ലഭിച്ചേക്കും. ഹാര്‍ദ്ദിക് പാണ്ഡ്യ കൂടി ടീമില്‍ തിരിച്ചെത്തുന്നതോടെ ടീം കൂടുതല്‍ ശക്തമാകും. എന്നാല്‍ കൂടുതല്‍ മത്സരപരിചയമുള്ള ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവര്‍ക്ക് ടീമില്‍ ഇടം നേടാനായില്ലെങ്കില്‍ അത് ടീമിന്റെ കിരീടസാധ്യതയെ ബാധിക്കാന്‍ സാധ്യതയേറെയാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍