ചെക്കൻ തുടങ്ങിയിട്ടേ ഉള്ളു, അപ്പോൾ തന്നെ ധോനിയുടെ റെക്കോർഡിനടുത്ത്, രോഹിത്തിനെ പക്ഷേ തൊടാനായിട്ടില്ല

അഭിറാം മനോഹർ

ബുധന്‍, 22 ജനുവരി 2025 (13:13 IST)
ഐപിഎല്ലില്‍ തന്റെ കഴിവ് തെളിയിച്ച താരമാണെങ്കിലും അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ ലഭിച്ച അവസരങ്ങളൊന്നും മുതലാക്കാന്‍ മലയാളി താരം സഞ്ജു സാംസണിന് സാധിച്ചിരുന്നില്ല. തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിച്ചില്ല എന്നത് തന്നെയായിരുന്നു ഇതിന് കാരണം. എന്നാല്‍ പരിശീലകസ്ഥാനത്തേക്ക് ഗൗതം ഗംഭീറും നായകനായി സൂര്യകുമാര്‍ യാദവും എത്തിയതോടെ സഞ്ജുവിന്റെ തലവര തെളിഞ്ഞു. കരിയറില്‍ കളിച്ച 37 ടി20 മത്സരങ്ങളില്‍ നിന്നും 46 സിക്‌സുകള്‍ സഞ്ജു നേടികഴിഞ്ഞു. ഇപ്പോഴിതാ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ എം എസ് ധോനിയുടെ റെക്കോര്‍ഡ് മറികറ്റക്കാനുള്ള അവസരമാണ് സഞ്ജുവിന് മുന്നിലുള്ളത്.
 
98 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള എം എസ് ധോനി 52 സിക്‌സുകളാണ് കരിയറില്‍ നേടിയിട്ടുള്ളത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ 7 സിക്‌സുകള്‍ നേടാനായാല്‍ ധോനിയെ മറികടക്കാന്‍ താരത്തിനാകും.നിലവില്‍ 159 മത്സരങ്ങളില്‍ നിന്നും 205 സിക്‌സുകള്‍ നേടിയിട്ടൂള്ള രോഹിത് ശര്‍മയാണ് രാജ്യാന്തര ടി20 ക്രിക്കറ്റില്‍ തന്നെ ഏറ്റവുമധികം സിക്‌സുകള്‍ നേടിയ താരം. 122 മത്സരങ്ങളില്‍ നിന്നും 173 സിക്‌സുകള്‍ നേടിയിട്ടുള്ള മുന്‍ കിവീസ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് രണ്ടാം സ്ഥാനത്ത്. സജീവക്രിക്കറ്റിലുള്ളവരില്‍ 106 മത്സരങ്ങളില്‍ നിന്നും 149 സിക്‌സുകള്‍ നേടിയിട്ടുള്ള വെസ്റ്റിന്‍ഡീസ് താരം നിക്കോളാസ് പുറാനാണ് ഒന്നാമതുള്ളത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍