'ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജു വിരമിക്കുന്നതാണ് നല്ലത്, മറ്റേതെങ്കിലും രാജ്യത്താണെങ്കില്‍ എത്രയോ അവസരങ്ങള്‍ കിട്ടിയേനെ'; സഞ്ജു ആരാധകര്‍ കട്ട കലിപ്പില്‍

തിങ്കള്‍, 28 നവം‌ബര്‍ 2022 (08:27 IST)
ബിസിസിഐയ്ക്കും ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്കും എതിരെ രൂക്ഷമായി പ്രതികരിക്കുകയാണ് സഞ്ജു സാംസണ്‍ ആരാധകര്‍. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിനുള്ള പ്ലേയിങ് ഇലവനില്‍ സഞ്ജുവിനെ ഇറക്കാത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഒന്നാം ഏകദിനത്തില്‍ 38 ബോളില്‍ 36 റണ്‍സെടുത്ത് ഭേദപ്പെട്ട പ്രകടനം നടത്താന്‍ സഞ്ജുവിന് സാധിച്ചിരുന്നു. എന്നിട്ടും രണ്ടാം മത്സരത്തിലേക്ക് വന്നപ്പോള്‍ മോശം ഫോമിലുള്ള പല താരങ്ങളും പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കുകയും സഞ്ജു പുറത്തിരിക്കുകയും ചെയ്തു. 
 
ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജു വിരമിക്കുകയാണ് നല്ലതെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു. സഞ്ജുവിന് ഇപ്പോള്‍ 28 വയസ്സാണ് പ്രായം. കരിയറിന്റെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് താരം കടന്നുപോകുന്നത്. എന്നിട്ടും സഞ്ജുവിന് പ്ലേയിങ് ഇലവനില്‍ സ്ഥാനമില്ല. ഇനി എപ്പോള്‍ ടീമില്‍ പരിഗണിക്കാനാണ് സഞ്ജുവിനെ മാറ്റിനിര്‍ത്തുന്നതെന്ന് ആരാധകര്‍ ചോദിക്കുന്നു. 
 
വേറെ ഏത് ടീമില്‍ ആണെങ്കിലും പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഉറപ്പായും പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിക്കാന്‍ കഴിവുള്ള താരമാണ് സഞ്ജുവെന്ന് ആരാധകര്‍ പറയുന്നു. സഞ്ജുവിനോട് സെലക്ടര്‍മാര്‍ കാണിക്കുന്നത് കടുത്ത അനീതിയാണ്. സഞ്ജുവിന്റെ കരിയര്‍ നശിപ്പിക്കുകയാണ് ബിസിസിഐ ചെയ്യുന്നതെന്നും നിരവധി പേര്‍ ആഞ്ഞടിച്ചു. 
 
' എന്തൊരു ക്രൂരതയാണ് ഇത്. ആദ്യ ഏകദിനത്തില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്തിട്ടും സഞ്ജു പുറത്തിരിക്കുന്നു. ഇനിയും എന്താണ് സഞ്ജു തെളിയിക്കേണ്ടത്. ഇത് ഫേവറിറ്റിസമാണ്' 
 
' സെലക്ഷന്‍ കമ്മിറ്റിയില്‍ ഗോഡ്ഫാദര്‍മാര്‍ ഇല്ലാത്തതുകൊണ്ടാണ് സഞ്ജു ഇങ്ങനെ തഴയപ്പെടുന്നത്. അതേസമയം മോശം ഫോമില്‍ തുടരുന്നവര്‍ ടീമില്‍ ഇടംപിടിക്കുന്നത് തുടരുന്നു' 
 
' സഞ്ജു വിരമിക്കുകയാണ് നല്ലത്. ഐപിഎല്ലില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കട്ടെ. എന്തിനാണ് ഇങ്ങനെ ടെന്‍ഷനടിച്ച് ജീവിക്കുന്നത്'
 
എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍