പന്ത് വീണ്ടും കെണിയിൽ, മര്യാദയ്ക്ക് ഒന്ന് ആശ്വസിക്കാൻ പോലും സഞ്ജു സമ്മതിക്കില്ല?

നീലിമ ലക്ഷ്മി മോഹൻ

ചൊവ്വ, 17 ഡിസം‌ബര്‍ 2019 (16:46 IST)
ഇന്ത്യൻ ടീമിനൊപ്പം രണ്ട് സീരിസുകളിൽ ഉൾപ്പെട്ടെങ്കിലും ഗ്രൌണ്ടിലിറങ്ങാൻ കഴിയാതെ പോയ സഞ്ജു സാംസണിന്റെ പ്രതികാരമാണ് ഇന്നത്തെ കേരളാ രഞ്ജി മത്സരത്തിൽ മലയാളികൾ കണ്ടത്. തനിക്ക് അവസരങ്ങൾ നിഷേധിച്ച ഓരോരുത്തരോടുമുള്ള മറുപടി ബാറ്റ് കൊണ്ടാണ് സഞ്ജു നൽകിയത്. 
 
തുംബ സെന്റ് സേവേഴ്യസ് ഗ്രൗണ്ടില്‍ നടക്കുന്ന രഞ്ജി ട്രോഫിയില്‍ ബംഗാളിനെതിരേ ആയിരുന്നു സഞ്ജുവിന്റെ ശതകം. 14 ബൗണ്ടറികളും ഒരു സിക്സറുമടക്കം 154 പന്തിൽ നിന്നുമാണ് സഞ്ജു 100 റൺസ് സ്വന്തമാക്കിയത്. ഇതിൽ ആദ്യ 50 റൺസുകൾ സഞ്ജു നേടിയത് വെറും 71 പന്തിൽ നിന്നാണ്.
 
ടീമിലെ പ്രധാന വിക്കറ്റ് കീപ്പാറായ ഋഷഭ് പന്ത് തുടരെ മോശം പ്രകടനം കാഴ്ച്ച വെച്ചപ്പോഴൊക്കെ ഒരു അവസരത്തിനായി സഞ്ജു സൈഡ് ബെഞ്ചിൽ കാത്തിരുന്നു. പന്തിന്റെ പ്രകടനത്തിൽ യാതോരു മാറ്റവും കണ്ടില്ല. തുടർച്ചയായ അവഗണനയുടെ മുള്ള് നെഞ്ചിലേറ്റി സഞ്ജു രഞ്ജി കളിക്കാനിറങ്ങി. സെഞ്ച്വറി അടിച്ച് തന്നെ അവഗണിച്ച സെലക്ടർമാർക്ക് മറുപടിയും നൽകി.  
 
സഞ്ജുവിന്റെ പേര് തനിക്ക് പാരയായി ഉയർന്ന് വരുമെന്ന് മനസിലാക്കിയ പന്ത് വെസ്റ്റിൻഡീസിനെതിരെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റിഷഭ് ആഞ്ഞടിച്ച് 70 റൺസ് നേടിയിരുന്നു. തന്റെ നിലനിൽപ്പ് അകപടത്തിലാണെന്ന് മനസിലാക്കിയ പന്തിന്റെ പുനർ‌ജന്മമാണോ കഴിഞ്ഞ കളിയിൽ ചെപ്പോക്ക് സ്റ്റേഡിയത്തിൽ കണ്ടതെന്ന് ആരാധകരും ചോദിച്ചിരുന്നു. 
 
പന്ത് സഞ്ജുവിനെ ഭയന്ന് തുടങ്ങിയിരിക്കുന്നു എന്ന് വേണം കരുതാൻ. സഞ്ജുവിനായി ഫാൻസ് മുറവിളി കൂട്ടുന്നതും ഇതിന്റെ ആക്കം കൂട്ടിയിരിക്കുന്നു. സഞ്ജുവിനെ പരിഗണിക്കാതിരിക്കുമ്പോഴും പന്തിന് അവസരങ്ങൾ നൽകികൊണ്ടേ ഇരിക്കുകയാണ്. ഏതായാലും സഞ്ജുവിന്റെ ഈ പ്രകടനം കൂടെ കണക്കിലെടുക്കുമ്പോൾ പന്ത് വീണ്ടും കുറച്ചധികം ബുദ്ധിമുട്ടുമെന്ന് തന്നെ കരുതാം. പ്രകടനത്തിൽ മാറ്റമൊന്നുമില്ലാതെ തുടരുമ്പോഴും തനിക്ക് ഒരു എതിരാളിയില്ലെന്ന തോന്നലാകാം പന്തിനെ ശക്തനാക്കുന്നത്. 
 
ഈ പ്രകടനം തന്നെ സഞ്ജു തുടർന്നാൽ വീണ്ടും ടീമിലെടുക്കാൻ സെലക്ടർമാരും രവി ശാസ്ത്രിയും തയ്യാറാകേണ്ടി വരും. ടീമിൽ ഉൾപ്പെടുത്തി കളിപ്പിക്കാതിരുന്നാൽ ആരാധകർ മുറവിളി കൂട്ടുകയും സഞ്ജുവിന് അവസരം നൽകാൻ സെലക്ടർമാർ സമ്മർദ്ദത്തിലാവുകയും ചെയ്യും. ഏതായാലും അതിനായുള്ള കാത്തിരിപ്പിലാണ് സഞ്ജു ഫാൻസ്.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍