ദക്ഷിണാഫ്രിക്കയില്‍ പോയി സെഞ്ചുറിയടിച്ചവന്‍ പുറത്ത്, ദുബെ ടീമിലും ! സഞ്ജുവിനോട് അവഗണന തുടര്‍ന്ന് ബിസിസിഐ

രേണുക വേണു
വെള്ളി, 19 ജൂലൈ 2024 (09:29 IST)
ബിസിസിഐയുടെ അവഗണനയ്ക്ക് പാത്രമായി മലയാളി താരം സഞ്ജു സാംസണ്‍. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയില്ല. സമീപകാലത്ത് ഏകദിനത്തില്‍ മികച്ച പ്രകടനങ്ങള്‍ സഞ്ജു നടത്തിയിട്ടുണ്ട്. എന്നിട്ടും 15 അംഗ സ്‌ക്വാഡില്‍ പോലും സഞ്ജുവിന് ഇടം നല്‍കിയിട്ടില്ല. ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമില്‍ മാത്രമാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 
 
ഏകദിനത്തില്‍ 14 ഇന്നിങ്‌സുകളില്‍ നിന്നായി 56.66 ശരാശരിയില്‍ 510 റണ്‍സാണ് സഞ്ജു നേടിയിരിക്കുന്നത്. സ്‌ട്രൈക് റേറ്റ് 99.60 ആണ്. മൂന്ന് അര്‍ധ സെഞ്ചുറിയും ഒരു സെഞ്ചുറിയും സഞ്ജുവിന്റെ പേരിലുണ്ട്. ഏകദിന ടീമില്‍ ഇടം പിടിച്ച കെ.എല്‍.രാഹുല്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവര്‍ക്കെല്ലാം സഞ്ജുവിനേക്കാള്‍ ശരാശരി കുറവാണ്. ശ്രേയസിനും പന്തിനും സ്‌ട്രൈക് റേറ്റില്‍ മാത്രമാണ് സഞ്ജുവിനേക്കാള്‍ നേരിയ മുന്‍തൂക്കം ഉള്ളത്. കണക്കുകളില്‍ വ്യക്തമായ ആധിപത്യം ഉണ്ടായിട്ടും സഞ്ജുവിനെ ഏകദിന സ്‌ക്വാഡില്‍ അടുപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് ആരാധകര്‍ ചോദിക്കുന്നു. 
 
റിഷഭ് പന്തും കെ.എല്‍.രാഹുലുമാണ് ഏകദിന പരമ്പരയിലെ വിക്കറ്റ് കീപ്പര്‍മാര്‍. അതില്‍ റിഷഭ് പന്തിന്റെ ഏകദിന കരിയറില്‍ 34.60 മാത്രമാണ് ശരാശരി. സഞ്ജുവിനേക്കാള്‍ ബഹുദൂരം പിന്നിലാണ് പന്തിന്റെ ശരാശരി. മാത്രമല്ല കഴിഞ്ഞ ഡിസംബറില്‍ ദക്ഷിണാഫ്രിക്കയില്‍ പോയി സെഞ്ചുറി അടിച്ച താരം കൂടിയാണ് സഞ്ജു. ഇന്ത്യക്കായി ഇതുവരെ ഒരു ഏകദിനം മാത്രം കളിച്ച ശിവം ദുബെയ്ക്ക് പോലും അവസരം ലഭിക്കുമ്പോള്‍ സമീപകാലത്ത് ഇന്ത്യക്കായി മികച്ച ഏകദിന ഇന്നിങ്‌സുകള്‍ കളിച്ച സഞ്ജു പുറത്ത് നില്‍ക്കേണ്ടി വരുന്നത് ഏറെ സങ്കടകരമായ കാര്യമാണെന്ന് ആരാധകര്‍ ഒന്നടങ്കം പറയുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article