രോഹിത് ശര്‍മയും വിരാട് കോലിയും ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര കളിക്കാന്‍ തീരുമാനിച്ചത് പരിശീലകന്‍ ഗൗതം ഗംഭീറിന്റെ നിര്‍ബന്ധത്താല്‍. ലോകകപ്പിനു ശേഷം മുതിര്‍ന്ന താരങ്ങള്‍ക്ക് ഒരു മാസത്തോളം വിശ്രമം അനുവദിക്കാന്‍ ബിസിസിഐ തീരുമാനിച്ചിരുന്നു. രോഹിത്തും കോലിയും ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര കളിക്കണമെന്ന് നിര്‍ബന്ധമില്ലെന്നാണ് ബിസിസിഐ ആദ്യം സ്വീകരിച്ച നിലപാട്. എന്നാല്‍ മുഖ്യ പരിശീലകനായി ഗംഭീര്‍ എത്തിയതോടെ അതില്‍ മാറ്റം വന്നു.
താന്‍ പരിശീലകനായി സ്ഥാനമേറ്റെടുത്ത ശേഷമുള്ള ആദ്യ പര്യടനം ആയതിനാല്‍ രോഹിത് ശര്‍മ, വിരാട് കോലി തുടങ്ങിയ പ്രമുഖ താരങ്ങള്‍ കളിക്കണമെന്ന് ഗംഭീര്‍ നിലപാടെടുത്തു. തന്റെ ആഗ്രഹം എന്ന നിലയിലാണ് ഗംഭീര്‍ ഇക്കാര്യം ബിസിസിഐയുടെ മുന്നില്‍ അറിയിച്ചത്. കളിക്കണമെന്ന് നിര്‍ബന്ധം ഇല്ലെങ്കിലും രോഹിത്തും കോലിയും ഉണ്ടെങ്കില്‍ തനിക്കത് ആത്മവിശ്വാസം പകരുമെന്ന നിലപാടിലായിരുന്നു ഗംഭീര്‍. ഇതേ തുടര്‍ന്നാണ് ബിസിസിഐ കോലിയുമായും രോഹിത്തുമായും ആശയവിനിമയം നടത്തിയത്. ഏകദിന പരമ്പര കളിക്കാന്‍ തയ്യാറാണെന്ന് രോഹിത് ആദ്യ ഘട്ടത്തില്‍ തന്നെ ബിസിസിഐയെ അറിയിച്ചിരുന്നു. എന്നാല്‍ കോലിയുടെ കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഒടുവില്‍ ടീം പ്രഖ്യാപനത്തിനു മണിക്കൂറുകള്‍ക്ക് മുന്‍പാണ് ശ്രീലങ്കയിലേക്ക് പോകാന്‍ തയ്യാറാണെന്ന നിലപാടിലേക്ക് കോലിയും എത്തിയത്.
ചാംപ്യന്‍സ് ട്രോഫിക്ക് മുന്‍പ് ഇന്ത്യ രണ്ട് ഏകദിന പരമ്പരകള്‍ മാത്രമാണ് കളിക്കുന്നത്. അതില്‍ ആദ്യത്തേതാണ് ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പര. ചാംപ്യന്‍സ് ട്രോഫി ഏകദിന ഫോര്‍മാറ്റില്‍ ആണെന്നിരിക്കെ പ്രധാന താരങ്ങളായ കോലിയും രോഹിത്തും വിട്ടുനില്‍ക്കുന്നത് അത്ര നല്ല കാര്യമല്ലെന്നായിരുന്നു ഗംഭീറിന്റെ നിലപാട്.