ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ വ്യക്തിജീവിതത്തിലെ ഏറ്റവും കഠിനമായ തീരുമാനം പരസ്യമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദ്ദിക് പാണ്ഡ്യ. ഭാര്യയായ നടാഷ സ്റ്റാന്‍കോവിച്ചുമായി വിവാഹബന്ധം വേര്‍പിരിയുകയാണെന്ന് താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. സമൂഹമാധ്യമമായ എക്‌സിലാണ് ഇക്കാര്യം അറിയിച്ചത്.
നാല് വര്‍ഷം ഒരുമിച്ച് കഴിഞ്ഞ ശേഷം ഞാനും നടാഷയും പരസ്പര സമ്മതത്തോടെ വേര്‍പിരിയാന്‍ തീരുമാനിച്ചിരിക്കുന്നു. ഒരുമിച്ച് ജീവിക്കാനായി ഞങ്ങള്‍ കഴിവിന്റെ പരമാവധി തന്നെ ശ്രമിച്ചിരുന്നു. എന്നാല്‍ ബന്ധം വേര്‍പിരിയുന്നതാണ് ഞങ്ങള്‍ രണ്ടുപേരുടെയും ഇനിയുള്ള ജീവിതത്തിന് നല്ലതെന്ന് മനസിലാക്കികൊണ്ട് ആ തീരുമാനമെടുക്കുകയാണ്. കുടുംബമെന്ന നിലയില്‍ ഓരോ നിമിഷവും ഞങ്ങള്‍ ആസ്വദിച്ചിരുന്നു. ഞങ്ങളുടെ ജീവിതത്തിലെ കേന്ദ്രബിന്ദുവായി മകന്‍ അഗസ്ത്യ തുടരും. അവന്റെ സന്തോഷത്തിനായി മാതാപിതാക്കള്‍ എന്ന നിലയില്‍ ഞങ്ങള്‍ കഴിയുന്നതെല്ലാം ചെയ്യും. ഈ വിഷമയകരമായ ഘട്ടത്തില്‍ എല്ലാവരുടെയും പിന്തുണ തേടുന്നു. അതിനൊപ്പം തന്നെ ഞങ്ങളുടെ സ്വകാര്യത കൂടി മാനിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഹാര്‍ദ്ദിക്- നടാഷ. ഇരുവരും ഒന്നിച്ചുള്ള പ്രതികരണം ഹാര്‍ദ്ദിക് എക്‌സിലൂടെ പങ്കുവെച്ചു.
ഈ വര്‍ഷം ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് നായകനായെങ്കിലും ഐപിഎല്ലില്‍ ഒരു മത്സരം പോലും കാണാനായി നടാഷ എത്തിയിരുന്നില്ല. സമീപകാലത്തോന്നും ഹാര്‍ദ്ദിക്കുമൊത്തുള്ള ചിത്രങ്ങള്‍ നടാഷ പോസ്റ്റ് ചെയ്തിരുന്നില്ല. നടാഷയുറ്റെ പിറന്നാളിന് ഹാര്‍ദ്ദിക് ആശംസ പോലും അറിയിക്കാതിരുന്നതോടെയാണ് ഇരുവരുടെയും ബന്ധം സുഖകരമല്ലെന്ന റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങിയത്. തുടര്‍ന്ന് ടി20 ലോകകപ്പില്‍ ഹാര്‍ദ്ദിക് മികച്ച പ്രകടനങ്ങള്‍ നടത്തുമ്പോഴും പിന്തുണയുമായി നടാഷയെ ഗാലറിയിലോ സമൂഹമാധ്യമങ്ങളിലോ കാണാനായിരുന്നില്ല. 2020 മെയിലായിരുന്നു ഹാര്‍ദ്ദിക്കും നടാഷയും തമ്മിലുള്ള വിവാഹം. ഇവര്‍ക്ക് ഈ ബന്ധത്തില്‍ 4 വയസുള്ള അഗസ്ത്യ എന്ന് പേരുള്ള മകനുണ്ട്.