സച്ചിനല്ല അര്‍ജുനാണ് സിനിമയില്‍ തകര്‍ക്കുന്നത്; ക്രിക്കറ്റ് ഇതിഹാസത്തിന്റെ ശരീരഭാഷയുള്ളയാളെ കണ്ടെത്താനായില്ല- അണിയറ പ്രവര്‍ത്തകര്‍ പറയുന്നു
വെള്ളി, 15 ഏപ്രില്‍ 2016 (17:23 IST)
ക്രിക്കറ്റ് ദൈവം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങാന്‍ പോകുന്ന ചിത്രമായ സച്ചിൻ എ ബില്ല്യൺ ഡ്രിംസിനായി ആരാധകര്‍ കാത്തിരിക്കുകയാണെങ്കിലും സിനിമയില്‍ സച്ചിന്റെ കൗമാരകാലം അവതരിപ്പിക്കുന്നത് മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ ആണെന്ന കാര്യം കൂടുതല്‍ പേര്‍ക്ക് അറിയില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍.
സച്ചിന്റെ കൗമാരകാലം അവതരിപ്പിക്കാന്‍ നിരവധി കുട്ടികളെ കണ്ടിരുന്നു. ആര്‍ക്കും അദ്ദേഹത്തിന്റെ ശരീരഭാഷയും മാനറിസവും ഉണ്ടായിരുന്നില്ല. ഒടുവില്‍ യാദൃശ്ചികമായിട്ടാണ് അര്‍ജുന്റെ പേര് പരാമര്‍ശിക്കപ്പെട്ടതും ചിത്രത്തിന്റെ ഭാഗമായതുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
അര്‍ജുന്‍ മികച്ച പ്രകടനമാണ് നടത്തിയതെന്നും സച്ചിന്റെ കൗമാരകാലത്തിനോട് നീതി പുലര്‍ത്തിയെന്നുമാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. 120 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ 40 ശതമാനത്തോളം സച്ചിന്റെ യഥാര്‍ത്ഥ ജീവിതത്തിലെ ഫുട്ടേജുകള്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. സച്ചിന്റെ പ്രധാനപ്പെട്ട ഇന്നിംഗ്‌സുകളും മറ്റ് പ്രധാന സംഭവങ്ങളും ഈ ഫുട്ടേജില്‍ ഉള്‍പ്പെടുന്നു. ബാക്കിയുള്ള ഭാഗങ്ങളാണ് സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ചത്.
പ്രശസ്ത ഡോക്യുമെന്ററി സംവിധായകനായ ജയിംസ് എർസ്കൈൻ ഒരുക്കുന്ന 'സച്ചിൻ എ ബില്ല്യൺ ഡ്രിംസ്' ന്റെ നിർമാണം രവി ഭാഗ്ചാന്ദ്കയും കാർണിവൽ മോഷൻ പിക്ചേഴ്സും ചേർന്നാണ്. സച്ചിന്റെ ജീവിതവും കരിയറും കാണിക്കുന്ന ചിത്രത്തിനായി ക്രിക്കറ്റ് ലോകവും സച്ചിന്റെ ആരാധകരും ആകാംഷയോടെ കാത്തിരിക്കുകയാണ്. മൂന്ന് തലമുറയെ കീഴ്പ്പെടുത്തിയ മഹാസംഭവവും പ്രസ്ഥാനവുമായ ക്രിക്കറ്റ് ഇതിഹാസമായ സച്ചിൻ തെൻഡുൽക്കറുടെ ജീവിതം ആസ്പദമാക്കി നിർമിച്ച ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.